കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണെന്ന് കേന്ദ്രം. കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ആരാണ് പഹൽഗാം ഭീകരാക്രമണം നടത്തിയ ടിആർഎഫ് എന്ന സംഘടനയെ നിയന്ത്രിച്ചതെന്നതിന് തെളിവുണ്ട്. ലഷ്കർ ഇ തൊയ്‌ബ തന്നെയാണ് ടിആർഎഫിനെ നിയന്ത്രിച്ചത്. സംഘർഷം തീർക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത് പാകിസ്ഥാനാണ്. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ നടത്തിയ മധ്യസ്ഥ ചർച്ചയല്ല വെടിനിർത്തലിലേക്ക് എത്താൻ കാരണം. സൈനിക തലത്തിൽ നടത്തിയ ചർച്ച മാത്രമാണ് അതിലേക്ക് നയിച്ചതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *