അട്ടാരി – വാഗ അതിർത്തി തുറന്നു, ഇന്ത്യയിലേക്കെത്തിയത് ചരക്കുലോറികൾ

ദില്ലി:പഹൽഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ പാക് അതിർത്തിയായ അട്ടാരി വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി – വാഗ ബോർഡർ തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ 150 ഓളം ചരക്കു ലോറികൾ ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിയിരുന്നു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായി അതിർത്തി തുറന്നത്. ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രെക്കുകൾ.

കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയ എട്ട് ട്രെക്കുകൾ മാത്രമാണ് അതിർത്തി കടന്നതെന്നുാണ് അധികൃതർ വിശദമാക്കുന്നത്. ഇന്തോ ഫോറിൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ബി കെ ബജാജ് ട്രെക്കുകൾ അതിർത്തി കടന്നതായി സ്ഥിരീകരിച്ചു. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സർക്കാരുകളോട് നന്ദി രേഖപ്പെടുത്തുന്നതായി ബി കെ ബജാജ് വിശദമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *