ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്.നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ തമിഴ്നാടിന് അനുവദനീയമായ ജലനിരപ്പ് 136 അടിയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുകയും നീരൊരുക്ക് വർധിക്കുകയും ചെയ്താൽ അണക്കെട്ട് തുറക്കേണ്ട അവസ്ഥയുണ്ടായേക്കാം . 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇതോടെ നീരൊഴുക്ക് വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം സെക്കൻ്റിൽ 3350 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻ്റിൽ 1867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.