41 വർഷങ്ങൾക്ക് ശേഷമുള്ള സുവർണ്ണ നേട്ടം ! ഇന്ത്യയുടെ അഭിമാനമായി ശുഭാൻഷു ശുക്ല

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം കുറിച്ചുകൊണ്ട് ആക്‌സിയം 4 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. നിരവധി കാലതാമസങ്ങൾക്ക് ശേഷമാണ് ക്രൂ ഡ്രാഗൺ കാപ്സ്യൂളും ഇന്ത്യയുടെ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശയാത്രികരും ഉൾപ്പെടുന്ന ദൗത്യം വിക്ഷേപിച്ചത്.മൂന്ന് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ബഹിരാകാശയാത്രികർക്കൊപ്പം ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക് പറന്നുയർന്നത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01 ഓടെയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കാനും അവിടെ പ്രവർത്തിക്കാനുമുള്ള ഒരു ദൗത്യത്തിന്റെ നിർണായകമായ തുടക്കമായിരുന്നു ഇത്.

ഫാൽക്കൺ-9 ലെ മെർലിൻ എഞ്ചിനുകൾ ജ്വലിച്ചപ്പോൾ ടെലിവിഷനിലും യൂട്യൂബിലുമൊക്കെ കണ്ടുനിന്ന ഇന്ത്യക്കാരിടെ കണ്ണുകളും ജ്വലിച്ചു. സ്പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കുന്ന ഒരു പാതയിലേക്ക് നയിച്ചുകൊണ്ട് ഇടിമുഴക്കത്തോടെയുള്ള ഒരു ശബ്‌ദത്തോടെയാണ് ആക്‌സിയം യാത്ര ആരംഭിച്ചത്.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി കൂടിയായ ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്‌ ഫ്ലൈറ്റ് ഡയറക്‌ടർ യുഎസിന്റെ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡർ കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും ശുഭാൻഷുവാണ്.

1984ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോർഡിന് ഉടമ. എന്നാൽ അതിന് ശേഷം ഇന്ന് രാവിലെ വരെ മറ്റൊരാൾക്കും ഈ നേട്ടത്തിലേക്ക് നടന്നെത്താൻ സാധിച്ചിരുന്നില്ല. പട്ടികയിലെ രണ്ടാമനാണ് ശുഭാൻഷു ശുക്ല. അതും നീണ്ട 41 വര്‍ഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം എന്നതും പ്രത്യേകം ഓർക്കണം.പെഗ്ഗിക്കും ശുഭാൻഷുവിനും പുറമേ ദൗത്യത്തിൽ പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്റ്റ് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ കൂടി മിഷന്‍ സ്‌പേഷ്യലിസ്‌റ്റുകളായി ഉൾപ്പെട്ടിട്ടുണ്ട്. 28.5 മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഒടുവിലായിരിക്കും അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്ക് എത്തുക.

അപ്പോൾ ഇനി നമുക്ക് ശുഭൻഷുവിനെ കുറിച്ച് കൂടുതൽ അറിയാം.. 2019-ൽ ഇന്ത്യയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (ഐഎഎം) തിരഞ്ഞെടുത്തതോടെയാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയുടെ ആരംഭം. തുടർന്ന് 2021ഓടെ റഷ്യയിലെ യൂറി ഗഗാരിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ അദ്ദേഹം അടിസ്ഥാന പരിശീലനം പൂർത്തിയാക്കുകയും ചെയ്‌തു.അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരിൽ ഒരാളാണ് അദ്ദേഹം. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, 2024 മാർച്ചോടെ ഗ്രൂപ്പ് ക്യാപ്റ്റനായി ഉയർന്നിരുന്നു. ഒടുവിലാണ് നിർണായകമായ ആക്‌സിയം ദൗത്യത്തിൽ ഇടം നേടിയതോടെ ശുക്ല ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയത്. അതിനിടെ ശുഭാംശു ശുക്ലയുടെ ആദ്യ സന്ദേശം പുറത്ത് വന്നിട്ടുമുണ്ട്.. ഭാരതീയർക്ക് നന്ദി പറഞ്ഞാണ് ബഹിരാകാശത്ത് നിന്നുള്ള അദ്ദേത്തിന്റെ സന്ദേശം. ബഹിരാകാശ ദൗത്യത്തിനെ പിന്തുണയ്ക്കുന്ന എല്ലാ ഭാരതീയർക്കും നന്ദി പറഞ്ഞാണ് സന്ദേശം.’41 വർഷങ്ങൾക്ക് ശേഷം നമ്മൾ ബഹിരാകാശത്ത് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു അത്ഭുതകരമായ യാത്രയാണ്. സെക്കൻഡിൽ 7.5 കിലോമീറ്റർ വേഗതയിൽ നമ്മൾ ഭൂമിയെ ചുറ്റുകയാണ്. എന്റെ തോളിലെ എൻ്റെ ത്രിവർണ്ണ പതാക എന്നോട് പറയുന്നത് ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) എന്റെ യാത്രയുടെ തുടക്കമല്ല ഇത്, ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ തുടക്കമാണിത്. നിങ്ങളെല്ലാവരും ഈ യാത്രയുടെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ നെഞ്ചും അഭിമാനത്താൽ നിറയണം. നമുക്കെല്ലാവർക്കും ഒരുമിച്ച് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതി ആരംഭിക്കാം. ജയ് ഹിന്ദ്! ജയ് ഭാരത്!” ശുഭാംശു ശുകയുടെ സന്ദേശം ഇങ്ങനെയാണ്..

അപ്പോൾ ഇനി നമുക്ക് ശുക്ലയെയും സ്പേസ് എക്സ് ഡ്രാഗൺ ക്രാഫ്റ്റിനെയും ഐ‌എസ്‌എസിലേക്ക് കൊണ്ടുപോകുന്ന റോക്കറ്റ് ഫാൽക്കൺ 9 നെക്കുറിച്ച് കൂടുതൽ മനസിലാക്കാം… രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഫാൽക്കൺ 9. ഇത് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത് സ്‌പേസ് എക്‌സ് ആണ്.ഫാൽക്കൺ 9 ന് പിന്നിലെ ആശയം ആളുകളെയും പേലോഡുകളെയും ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകുക എന്നതായിരുന്നു. “ലോകത്തിലെ ആദ്യത്തെ ഓർബിറ്റൽ ക്ലാസ് പുനരുപയോഗിക്കാവുന്ന റോക്കറ്റ്” എന്നാണ് കമ്പനി ഫാൽക്കൺ 9 നെ വിശേഷിപ്പിക്കുന്നത്. കൂടാതെ ഫാൽക്കൺ 9 ന് 70 മീറ്റർ ഉയരവും 3.7 മീറ്റർ വീതിയുമുണ്ട്. ഇതിന് ഏകദേശം 550 ടൺ ഭാരമുണ്ട്. ഇതിന് ചൊവ്വയിലേക്ക് 4,020 കിലോ പേലോഡും, ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 8,300 കിലോ പേലോഡും, ലോ-എർത്ത് ഓർബിറ്റിലേക്ക് 22,800 കിലോ പേലോഡും വഹിക്കാൻ കഴിയും. ഗ്രേഡ് മണ്ണെണ്ണയും (RP-1) ദ്രാവക ഓക്സിജനും ഉപയോഗിക്കുന്ന ഒമ്പത് മെർലിൻ എഞ്ചിനുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഓരോ ഫാൽക്കൺ 9 വിക്ഷേപണത്തിനും ഏകദേശം 70 മില്യൺ ഡോളർ ചിലവാകും. റോക്കറ്റ് 1.7 ദശലക്ഷം പൗണ്ടിലധികം ത്രസ്റ്റ് സൃഷ്ടിക്കുന്നു.ഫാൽക്കൺ 9 രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.
വേർപിരിയൽ നേടിയ ശേഷം റോക്കറ്റിന്റെ ആദ്യ ഘട്ടം ഭൂമിയിലേക്ക് മടങ്ങുന്നു. ഇത് റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കുന്നു – അങ്ങനെ ഭാവി ദൗത്യങ്ങളുടെ വില കുറയ്ക്കുന്നു. ഇതിൽ ടൈറ്റാനിയം ഗ്രിഡ് ഫിനുകൾ, ഒരു ഹീറ്റ് ഷീൽഡ്, പിൻവലിക്കാവുന്ന ലാൻഡിംഗ് കാലുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 2018 ൽ ബംഗ്ലാദേശിന്റെ ബംഗബന്ധു -1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചപ്പോഴാണ് ഇത് ആദ്യമായി വിക്ഷേപിച്ചത്. 2020 ൽ നാസ ബഹിരാകാശയാത്രികരെ വഹിക്കാൻ ഇതിന് അംഗീകാരം നൽകി.
1981 ൽ ബഹിരാകാശ വാഹനങ്ങളുടെ യുഗം ആരംഭിച്ചതിനുശേഷം, പതിവ് ക്രൂ ദൗത്യങ്ങൾക്കായി അംഗീകരിച്ച ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടക സംവിധാനമാണ് ഫാൽക്കൺ 9.
മനുഷ്യ ദൗത്യങ്ങളിൽ ഇതുവരെ 100 ശതമാനം സുരക്ഷാ രേഖയാണ് റോക്കറ്റിനുള്ളത്. 2025 ജൂൺ വരെ ഫാൽക്കൺ 9 400-ലധികം തവണ വിക്ഷേപിച്ചു – 99 ശതമാനത്തിലധികം വിജയശതമാനത്തോടെ.

ഇനി ആക്സിയം 4 നെ കുറിച്ച്
നാസയും ഇസ്രോയും തമ്മിലുള്ള സഹകരണത്തോടെയാണ് ഈ ദൗത്യം.
ബഹിരാകാശ ഏജൻസികൾ അഞ്ച് സംയുക്ത ശാസ്ത്ര അന്വേഷണങ്ങളിലും രണ്ട് ഇൻ-ഓർബിറ്റ് STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) പ്രദർശനങ്ങളിലും പങ്കെടുക്കുന്നു. ഡോക്ക് ചെയ്തുകഴിഞ്ഞാൽ, ശുക്ലയും മറ്റ് ബഹിരാകാശയാത്രികരും ഏകദേശം രണ്ടാഴ്ച പരിക്രമണ ലബോറട്ടറിയിൽ ചെലവഴിക്കും, ശാസ്ത്രം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദൗത്യം നടത്തും. ദൗത്യം പലതവണ വൈകിയതിന് ശേഷമാണ് വിക്ഷേപണം. മെയ് 29 ന് ലിഫ്റ്റ്-ഓഫ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാൽ പിന്നീട് ജൂൺ 8 ലേക്ക് മാറ്റിവച്ചു, തുടർന്ന് ജൂൺ 10 നും ജൂൺ 11 നും. ഫാൽക്കൺ -9 റോക്കറ്റിന്റെ ബൂസ്റ്ററുകളിൽ ദ്രാവക ഓക്സിജൻ ചോർച്ച എഞ്ചിനീയർമാർ കണ്ടെത്തുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പഴയ റഷ്യൻ മൊഡ്യൂളിലും ചോർച്ച നാസ കണ്ടെത്തുകയും ചെയ്തതോടെയായിരുന്നു ഇത്.തുടർന്ന് ജൂൺ 19 നും പിന്നീട് ജൂൺ 22 നും വിക്ഷേപണം ആസൂത്രണം ചെയ്തിരുന്നു, റഷ്യൻ മൊഡ്യൂളിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഐ‌എസ്‌എസിന്റെ പ്രവർത്തനങ്ങൾ നാസ വിലയിരുത്തുന്നതിനായി ഇത് മാറ്റിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *