നിങ്ങളുടെ ഇഷ്ടപ്പെട്ട യൂട്യൂബ് ക്രിയേറ്റർമാരെ സഹായിക്കാൻ നിങ്ങൾക്കും ഇനി അവസരം. യൂട്യൂബ് തന്നെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.ഹൈപ്പ് എന്ന പുതിയ ഫീച്ചർ ആണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.. ഇത് വഴി ക്രിയേറ്റർമാർക്ക് അവരുടെ വിഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കും. സംഭവം എങ്ങനെയാണെന്ന് അല്ലെ? 500 മുതല്‍ 5 ലക്ഷം വരെ സബ്‌സ്‌ക്രൈബര്‍മാരുള്ള ലോങ്ങ് വീഡിയോ ചെയ്യുന്ന ക്രിയേറ്റർമാർക്കുള്ളതാണ് ഈ ഫീച്ചർ. വീഡിയോ കാണുന്ന കാഴ്ചക്കാര്‍ക്കാണ് ഒരു വീഡിയോ ഹൈപ്പ് ചെയ്യാനാവുക. ഇതുവഴി വീഡിയോകള്‍ക്ക് പോയിന്റുകള്‍ ലഭിക്കും. അങ്ങനെ പുതിയതായി അവതരിപ്പിച്ച ലീഡര്‍ബോര്‍ഡില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കുകയും ചെയ്യും.
എന്നാൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഹൈപ്പ് ഓപ്ഷന്‍ ലഭ്യമാവൂ.. കമന്റ് സെക്ഷനില്‍ ഇടത്തോട്ട് സൈ്വപ്പ് ചെയ്താല്‍ ആണ് ഹൈപ്പ് എന്ന ഈ ഓപ്ഷന്‍ കാണാൻ സാധിക്കുക. അല്ലെങ്കില്‍ മെനുവില്‍ നിന്നും ഹൈപ്പ് ഓപ്ഷന്‍ എടുക്കാം. ഇടക്കിടെ ഹൈപ്പ് ചെയ്യുന്നവര്‍ക്ക് ഹൈപ്പ് സ്റ്റാര്‍ ബാഡ്ജും നല്‍കും. ഒരാഴ്ച മൂന്ന് തവണ വീഡിയോകള്‍ക്ക് ഹൈപ്പ് കൂട്ടാം. ഇത് സൗജന്യമാണ്. എന്നാല്‍ പണം നല്‍കി കൂടുതല്‍ തവണ ഹൈപ്പ് വര്‍ധിപ്പിക്കാനും കഴിയും . യൂട്യൂബിലെ എക്‌സ്‌പ്ലോര്‍ സെക്ഷന് കീഴിലാണ് ലീഡര്‍ ബോര്‍ഡ് ഉണ്ടാവുക. കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച 100 വീഡിയോകളാണ് ഇതിലുണ്ടാവുക. ഒരു രാജ്യത്തെ എല്ലാവര്‍ക്കും ഒരേ ലീഡര്‍ബോര്‍ഡ് ആണ് കാണുക. ഇതുവഴി പ്രാദേശിക ഉള്ളടക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തും. കൂടുതല്‍ ഹൈപ്പ് ലഭിക്കുന്ന വീഡിയോകള്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലെത്തും. അവ ക്രമേണ യൂട്യൂബിലെ ഹോം ഫീഡിലും പ്രത്യക്ഷപ്പെടും.സംഭവം പൊളിച്ചില്ലേ?
എന്നാൽ യൂട്യൂബിന്റെ ഉള്ളടക്ക നിബന്ധനകള്‍ പാലിക്കാത്ത വീഡിയോകള്‍ ഹൈപ്പ് ചെയ്യാനാവില്ല. മാത്രമല്ല ചെറിയ ചാനലുകളെ സഹായിക്കുന്നതിനായി പോയിന്റ് ബോണസ് സംവിധാനവും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. സബ്‌സ്‌ക്രൈബര്‍മാര്‍ കുറവുള്ള ചാനലുകളുടെ വീഡിയോകള്‍ക്ക് ഓരോ ഹൈപ്പിനും അധിക ബോണസ് പോയിന്റ് ലഭിക്കും. ഉള്ളടക്കം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും അല്‍ഗൊരിതത്തിന്റെ തടസങ്ങള്‍ മറികടന്ന് വീഡിയോകള്‍ കൂടതല്‍ പേരിലേക്ക് എത്തിക്കാന്‍ ചെറിയ ക്രിയേറ്റര്‍മാരെ സഹായിക്കാനുമാണ് യൂട്യൂബ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ബീറ്റാ ഫീച്ചർ ആയതിനാൽ എല്ലാ യൂട്യൂബ് ആപ്പുകളിലും ഈ ഫീച്ചർ എത്തിയിട്ടുണ്ടാവില്ല. ടെന്ഷനടിക്കേണ്ട വരും അപ്ഡേറ്റുകളിൽ അത് പ്രതീക്ഷിക്കാം.ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഇപ്പോഴാണ് ഹൈപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചതെങ്കിലും ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. തുര്‍ക്കി, തായ് വാന്‍, ബ്രസീല്‍ എന്നിവിടങ്ങളിലായിരുന്നു ഹൈപ്പ് ആദ്യം പരീക്ഷിച്ചത്.