ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ താത്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ ചെയറിൽ എത്തിയ സമയത്ത് ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചത്. ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നില്ല. അടിയന്തരപ്രമേയത്തിന് നോട്ടീസ് പോലും നൽകാത്ത വിഷയത്തിൽ ബഹളം ഉണ്ടാക്കരുത്, സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം അവസാനിച്ചില്ല. തുടർന്ന് സഭാ നടപടി നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
