തെരുവില്‍ മേയര്‍ക്ക് കുത്തേറ്റ സംഭവത്തിൽ വളർത്തുമകന്‍ കസ്റ്റഡിയില്‍.ജര്‍മ്മനിയിലെ ഹെര്‍ഡെക്ക് മേയര്‍ ഐറിസ് സ്റ്റാള്‍സര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ആണ് വളര്‍ത്തുമകന്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഹെര്‍ഡെക്കിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 57 വയസ്സുള്ള ഐറിസ് സ്റ്റാള്‍സറെ മുതുകിലും വയറിലും കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. പതിനഞ്ചുകാരനായ വളര്‍ത്തുമകന്‍ തന്നെയാണ് സംഭവം പോലീസിനെ അറിയിച്ചത്.17 വയസ്സുള്ള വളര്‍ത്തുമകള്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവം. ചോദ്യം ചെയ്യാനായി പോലീസ് മകനെ വിലങ്ങണിയിച്ച് കൊണ്ടുപോയെന്ന് സാക്ഷികള്‍ പ്രാദേശിക വാര്‍ത്താ മാധ്യമമായ വെല്‍റ്റിനോട് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നത് തടയാനാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ വളര്‍ത്തുമകളും ഫ്‌ലാറ്റിലുണ്ടായിരുന്നു. ഈ കുട്ടിയെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചുവെന്നായിരുന്നു കുട്ടികളുടെ മൊഴി.
വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് താന്‍ തെരുവില്‍വെച്ച് ആക്രമിക്കപ്പെട്ടുവെന്ന് സ്റ്റാള്‍സര്‍ തന്നോട് പറഞ്ഞതായി മകന്‍ പറഞ്ഞു. മറ്റു സാക്ഷികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കഴുത്തിലും വയറ്റിലും പതിമൂന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്ന് ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ സ്റ്റാള്‍സറെ മെഡിക്കല്‍ സംഘം ബോഹമിലെ നാപ്ഷാഫ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. മധ്യ-ഇടത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയാണ് സ്റ്റാള്‍സര്‍. 22,000 ജനസംഖ്യയുള്ള ഈ ചെറിയ പട്ടണത്തില്‍ സെപ്റ്റംബര്‍ 28-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യ-വലത് ക്രിസ്ത്യന്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഫാബിയന്‍ കോണ്‍റാഡ് ഹാസിനെതിരെ 52.2% വോട്ട് നേടിയാണ് ജയിച്ചത്.
