അരട്ടൈ ആപ്പിന്റെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിലാണ് മാതൃസ്ഥാപനമായ സോഹോ. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. അക്കൂട്ടത്തില്‍ ഉപഭോക്താക്കള്‍ ഏറ്റവും അധികം ആവശ്യപ്പെടുന്ന എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഉണ്ടാവും.എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ തന്നെ അവതരിപ്പിക്കുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹോ സിഇഒ മണി വെമ്പു പറഞ്ഞു. നിലവില്‍ വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും മാത്രമാണ് സോഹോ എന്‍ക്രിപ്ഷന്‍ നല്‍കുന്നത്. അതേസമയം എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ള സീക്രട്ട് ചാറ്റ് എന്ന ഫീച്ചര്‍ അരട്ടൈയിലുണ്ട്.
എന്നാല്‍ സാധാരണ ചാറ്റുകളില്‍ ഡിഫോള്‍ട്ടായി എന്‍ക്രിപ്ഷന്‍ ലഭിക്കില്ല. എന്നാല്‍ താമസിയാതെ അത് അവതരിപ്പിക്കുമെന്നും അതിനാണ് കമ്പനി നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും മണി വെമ്പു പറഞ്ഞു. ഉപഭോക്താക്കളുടെ ഡേറ്റ അരട്ടൈയില്‍ സുരക്ഷിതമാണെന്ന് സോഹോ ഉറപ്പുനല്‍കുന്നു. ഡേറ്റ പരസ്യത്തിനോ പണമുണ്ടാക്കുന്നതിനോ ഉപയോഗിക്കില്ലെന്നും കമ്പനി പറഞ്ഞു. എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ എത്തുന്നതോടെ അരട്ടൈ ആപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങള്‍ അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാനാവൂ.
