ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണമാണ് കണ്ടെടുത്തത്. അന്വേഷണ സംഘം എട്ട് മണിക്കൂറിലധികം നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇവ പിടിച്ചെടുത്തത്.അതേസമയം കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇവയെന്ന് പരിശോധിക്കും. കൂടാതെ പോറ്റിയുടെ വസ്തു ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.ഇതിൽ ഇടപാടുകാരുടെ പശ്ചാത്തലവും പരിശോധിക്കും.ഭൂമിയിടപാട് സ്വർണ്ണക്കൈമാറ്റത്തിന്റെ പ്രതിഫലമെന്ന നിഗമനത്തിലാണ് SIT.
എന്നാൽ പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നു ആണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം പറയുന്നത്.അതേസമയം ഇന്നലെ വൈകീട്ട് നാല് മണിയോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കു ശേഷം അർധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ഉണ്ണികൃഷ്ണൻ പോറ്റിയെ പതിമൂന്നു ദിവസത്തേക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.നാലാം ദിവസമായ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ് .അതേസമയം തട്ടിപ്പിന് കൂട്ട്നിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും.ശേഷം ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കാം.. അത് പൂർത്തിയായതിനു ശേഷമായിരിക്കും തെളിവെടുപ്പിനായി ബംഗളൂരു ചെന്നൈ ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിക്കുക.
അതേസമയം ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ പുതിയ വാതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലാണ് ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയത്.
