നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ‘പി വി അന്‍വര്‍ തുടരും’ എന്നെഴുതിയ പോസ്റ്റര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല’, ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും’, ‘മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട്’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നെങ്കിലും വേണുഗോപാല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചിരുന്നു. ഒരു കൂടിക്കാഴ്ച്ചയും ആരും തീരുമാനിച്ചിട്ടുമില്ല, തന്നോട് പറഞ്ഞിട്ടുമില്ല. എല്ലാം ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷമാണെന്നായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *