കോഴിക്കോട്: നാദാപുരം കല്ലാച്ചി- വളയം റോഡിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിനുനേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉൾപ്പെടെ നാലു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ വളയം ഭാഗത്തുനിന്ന് കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹംസംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കാറിന്റെ ഗ്ലാസ് ഇരുമ്പുവടി കൊണ്ട് തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
കുട്ടി ഉൾപ്പെടെയുള്ളവർ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമം കാട്ടിയവരിൽ ചിലരെ കസ്റ്റഡിയിലെടുത്തെന്നാണു വിവരം.