4 വയസുകാരന്റെ മരണം: ‘തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ല’; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌

പത്തനംതിട്ട:കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള വനം സെക്‌ഷൻ ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവരെ സ്ഥലം മാറ്റാനും നിർദേശമുണ്ട്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ.കമലാഹറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കോന്നി ആനക്കൂട്ടിൽ അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം കോൺക്രീറ്റ് തൂൺ തലയിൽ വീണ് മരിച്ചത്. രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇതിനിടെ അഭിരാം വഴിയരികിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ച് വട്ടം കറങ്ങുതിനിടെ തൂൺ പിഴുത് വീഴുകയായിരുന്നു.

അഭിരാമിന്റെ തലയിലേക്കാണ് തൂൺ വീണത്. ആനത്താവളത്തിന്റെ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൂൺ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *