മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികൾ വൃക്ക തകരാറിനെ തുടർന്ന് ചികിത്സയിലാണ്. അതേസമയം കുട്ടികൾക്ക് കോൾഡ്രിഫ് കഫ്‌സിറപ്പ് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ ആദ്യ അറസ്റ്റ് ആണിത്. ചികിത്സയിലുള്ള കുട്ടികളിൽ രണ്ട് പേർ നാഗ്പൂർ മെഡിക്കൽ കോളേജിലും രണ്ട് പേർ എയിംസിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മരിച്ച 20 കുട്ടികളിൽ 17 പേർ ഛിന്നവാഡ, രണ്ട് പേർ ബേത്തൂൽ, ഒരാൾ പാണ്ഡൂർന ജില്ലയിൽ നിന്നുള്ളവരാണെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. ഇവർക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് ഉറപ്പിക്കുമെന്ന് അറിയിച്ചതായും ഉപമുഖ്യമന്ത്രി അറിയിച്ചു.പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടർന്ന് കോൾഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച കുട്ടികളിൽ ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബർ 2 നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് കഫ്‌സിറപ്പിന്റെ നിർമ്മാതാക്കൾ.കുട്ടികൾ കഴിച്ച കോൾഡ്രിഫ് കഫ്‌സിറപ്പിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്ന ഡൈത്തലീൻ ഗ്ലൈക്കോൾ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളിൽ കോൾഡ്രിഫ് നിരോധിച്ചിരിക്കുകയാണ്.
മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി
