ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്താല്‍ കടന്നുകൂടിയവർ; എല്ലാവരുടെയും കൈകളില്‍ കറപുരണ്ടിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദേവസ്വം ബോര്‍ഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.ശബരിമല സ്വര്‍ണക്കൊള്ള വിവാദം സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിസന്ധിയിലാക്കിയെന്നും ലേഖനത്തില്‍ പറയുന്നു.രാഷ്ട്രീയത്തില്‍ വലിയ ഭാവിയോ ഇടമോ ഇല്ലാത്ത ആളുകള്‍ക്ക് സര്‍ക്കാരിന്റെ ചെലവില്‍ സുഖമായി കഴിയാനുള്ള സംവിധാനമായി ദേവസ്വംബോര്‍ഡുകള്‍ അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ പുറമ്പോക്കില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിര്‍ഗുണന്മാരായ നേതാക്കള്‍ക്ക് പദവിയും ജീവിക്കാന്‍ വകയുമുണ്ടാക്കുന്ന സംവിധാനമായി ദേവസ്വം ബോര്‍ഡുകള്‍ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷണവും നടത്താത്തവര്‍ കുറവാണ്. കാണിക്കവഞ്ചിയില്‍ കൈയിട്ടുവാരാത്തവരും ചുരുക്കം- തുടങ്ങിയ പരിഹാസങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്.

ഹൈക്കോടതിയുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മറ്റ് ദേവസ്വം ബോര്‍ഡുകളും ഇതുപോലെയെങ്കിലും പ്രവര്‍ത്തിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ പ്രതിഷ്ഠ വരെ അടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന മുരാരി ബാബുമാര്‍ ദേവസ്വം ബോര്‍ഡുകളിലുണ്ട്. അതിനാല്‍ ഈ സംവിധാനം മുഴുവന്‍ പിരിച്ചുവിട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല കൊടുത്ത് അതില്‍ രാഷ്ട്രീയക്കാരെയും ഉള്‍പ്പെടുത്തി പുതിയൊരു ഭരണസംവിധാനം കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

രാഷ്ട്രീയ സ്വാധീനത്താല്‍ കടന്നുകൂടിയവരാണ് ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥര്‍. അതുകൊണ്ട് എല്ലാവരുടെയും കൈകളില്‍ കറപുരണ്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലേക്ക് ദേവസ്വം ബോര്‍ഡ് ഭരണം മാറിയതിന്റെ ഉദാഹരണമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്നും ലേഖനത്തില്‍ പറയുന്നു. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിച്ച് എണ്ണം കുറച്ച് പരമാവധി രണ്ടെണ്ണമെങ്കിലും ആക്കി മാറ്റണം. മറ്റ് വകുപ്പുകളുടെ ഭാരമില്ലാതെ ദേവസ്വത്തിന് മാത്രമായി ഒരു മന്ത്രിയെ വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *