കൊച്ചി : ഷൈൻ ടോം ചാക്കോയെ വീണ്ടുംചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്‌ച കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമാകും തുടർനടപടികൾ എന്ത് വേണമെന്ന് തീരുമാനിക്കുക.
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാൻ ഷൈനിന് നിർദേശം നൽകിയിരുന്നു. എന്നാൽ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പോലീസ് സമ്മതിക്കുകയും ചെയ്‌തു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന് പോലീസ് അറിയിച്ചത്. ഈ സംഭവങ്ങൾ നടന്ന സമയത്ത് കമ്മീഷണർ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന കൂടിയാലോചനകൾക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുക.
കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിച്ചതായി ഷൈൻ ടോം ചാക്കോ സമ്മതിച്ചിരുന്നു. പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്‌തു. വൈദ്യപരിശോധനയിൽ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് അഥവാ ആന്റിഡോട്ടുകൾ ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. അങ്ങനെയെങ്കിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താൻ പ്രയാസമായിരിക്കും.