ന്യൂഡൽഹി: ഡൽഹിയിലെ ജനവാസ മേഖലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 800ലധികം കുടിലുകൾ കത്തിനശിച്ചു. രണ്ടരയും മൂന്നും വയസ്സുള്ള കുട്ടികളുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
അഞ്ച് ഏക്കറിലായി നിരവധി കുടിലുകൾ തിങ്ങിനിറഞ്ഞ രോഹിണി സെക്‌ടർ 17ലെ ശ്രീനികേതൻ അപ്പാർട്‌മെൻ്റിന് സമീപമാണ് ഞായറാഴ്‌ച ഉച്ചയോടെ അപകടമുണ്ടായത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് തീയണച്ചതെന്ന് അഗ്നിരക്ഷ സേന അധികൃതർ പറഞ്ഞു.തീപിടിത്തത്തെത്തുടർന്ന് പ്രദേശം മുഴുവൻ പുകകൊണ്ട് മൂടി. ഒരു കുടിലിൽനിന്ന് പടർന്ന തീ പ്രദേശം മുഴുവൻ വ്യാപിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.