പി.പി.ദിവ്യയ്ക്കും പ്രശാന്തനും എതിരെ മാനനഷ്ടക്കേസുമായി മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം

പി.പി.ദിവ്യയ്ക്കും പ്രശാന്തനും എതിരെ മാനനഷ്ടക്കേസുമായി മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരസ്യ പ്രസ്താവന നടത്തിയതിനെയാണ് എ ഡി എമ്മിന്റെ കുടുംബത്തിന്റെ നീക്കം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയത്.കേസ് നവംബർ 11 നു പരിഗണിക്കും.കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ മരണത്തിനു മുൻപും ശേഷവും തെറ്റായ പരാമർശങ്ങൾ നടത്തിയെന്നാണു പരാതി. പല തവണ ഇക്കാര്യം ആവർത്തിച്ചു. നവീൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി.പ്രശാന്തന് അതു തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു.പത്തനംതിട്ടയിലേക്ക് എഡിഎമ്മായി സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിനെ കഴിഞ്ഞ വർഷം ഒക്ടോബർ 15ന് കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

അതേസമയം നവീന്റെ യാത്രയയപ്പ് യോഗത്തിലാണു ദിവ്യ വിവാദ പരാമർശങ്ങൾ നടത്തിയത്. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നു ഹർജിയിൽ പറയുന്നു. നവീൻ ബാബുവിനെതിരെ പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നു പറയുന്ന പരാതി ആ ഓഫിസിൽ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *