സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഇന്ത്യയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് – ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പരമ്പരയിലെ ഏകദിന മത്സരങ്ങളില്‍ കളിക്കുമോയെന്ന് കണ്ടറിയണം. ഏകദിന മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.

ഇരു ടീമുകളും മൂന്ന് ഏകദിനങ്ങള്‍ വീതവും രണ്ട് അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റും കളിക്കും. എന്നാല്‍ പരമ്പരയുടെ മത്സരക്രമം ബിസിസിഐ തീരുമാനിച്ചിട്ടില്ല. ഇതു കൂടാതെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റും ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെ ഒരു മത്സരവും ഇന്ത്യ എ ടീം കളിക്കുന്നുണ്ട്. ഒന്നാകെ ഏഴ് മത്സരങ്ങള്‍ ഇന്ത്യയുടെ എ ടീം കളിക്കും. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് നാളെയാണ് തുടക്കമാവുന്നത്. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പിന്നീട് സീനിയര്‍ ടീം താരങ്ങളേയും എ ടീമില്‍ ഉള്‍പ്പെടുത്തും. രണ്ട് മത്സരങ്ങളുള്ള ചതുര്‍ദിന പരമ്പരയാണ് ഇന്ത്യ എ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *