ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാന്‍ ഗൂഗിളിന് പദ്ധതി. അദാനി ഗ്രൂപ്പുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഭീമന്‍ ഡാറ്റാ സെന്ററും എഐ ബേസും സ്ഥാപിക്കുക. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്തിൽ സ്ഥാപിക്കാൻ പോകുന്ന ഗൂഗിളിൻ്റെ ആദ്യത്തെ എഐ ഹബ്ബിനെക്കുറിച്ചുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. അമേരിക്കയുടെ പുറത്തുള്ള ഏറ്റവും വലിയ ഹബ്ബാണിത്.
ഡാറ്റാ സെന്ററും എഐ ബേസും നിര്‍മിക്കുന്നതിനായി 1500 കോടി ഡോളറാണ് ഗൂഗിള്‍ അടുത്ത അഞ്ച് വര്‍ഷക്കാലം കൊണ്ട് നിക്ഷേപിക്കുക. രാജ്യത്ത് ഗൂഗിള്‍നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് 2047 ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
