ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ രാഷ്‌ട്രഭാവിയുടെ മാര്‍ഗരേഖ

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയതന്ത്രത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വിശാലമായ അവസരങ്ങളൊരുക്കുകയും ചെയ്യുന്ന കരാര്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് വഹിക്കുന്ന ഏകദേശം 200 കോടി ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നു. ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലെ ഈ കരാര്‍ ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണ്. കേവലമൊരു വ്യാപാര കരാറിനപ്പുറം, നിര്‍മിതബുദ്ധി, പ്രതിരോധം, അര്‍ധചാലകങ്ങള്‍ തുടങ്ങി നിര്‍ണായക മേഖലകളില്‍ സഹകരണം വളര്‍ത്തുന്ന സമഗ്രപങ്കാളിത്തത്തെ കരാര്‍ പ്രതിനിധീകരിക്കുന്നു. ഭാരതത്തിലെ ഓരോ മേഖലയ്‌ക്കും ഓരോ പൗരനും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഈ സ്വതന്ത്ര വ്യാപാരകരാര്‍ ഗുണം ചെയ്യും. നിയമാധിഷ്ഠിത വ്യാപാരവും സാമ്പത്തിക നയങ്ങളിലെ സ്ഥിരതയും ഉറപ്പാക്കുന്ന കരാര്‍, രാജ്യത്ത് ആഭ്യന്തര-വിദേശ നിക്ഷേപങ്ങളെ കൂടുതലായി ആകര്‍ഷിക്കും. ചെറുകിട വ്യാപാര സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തൊഴിലാളികള്‍ക്കും ഇത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *