ഗാസ നഗരം ഏറ്റെടുക്കൽ പദ്ധതി; നെതന്യാഹുവിന്റെ നിർണായക നീക്കം

വളരെ നിർണ്ണായക നീക്കമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായാണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിടുന്നത്.

മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനും ഇസ്രായേൽ പദ്ധതിയിടുന്നതായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ പദ്ധതികൾ അതിലേക്ക് എത്തുമോയെന്ന് വ്യക്തമല്ല.കാരണം ഗാസയുടെ നിയന്ത്രണം പൂർണമായി കയ്യടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. മാത്രമല്ല ഈ നീക്കം ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്. കൂടാതെ ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നു.

ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് തീരുമാനം. യുദ്ധത്തിൽ പതിനായിരക്കണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. അതേസമയം കനത്ത പട്ടിണിയിലാണ് ഗാസ.നിരവധി മരണങ്ങൾ ആണ് ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം193 ആയി. ഇതിൽ 96 പേർ കുട്ടികളാണ്. ഗാസയിലെ 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴെന്ന് യുഎന്നിന്റെ ഓഫിസ് ഫോർ കോഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരുനേരം ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *