കോഴിക്കോട് ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ. 24,000 ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെ.കരുണാകരന്റ പേരിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിനു മുൻവശത്തായിട്ട് കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും മന്ദിരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്ന സമയത്ത് കെ മുരളീധരൻ തിരുവനന്തപുരത്താണ് ഉള്ളത്. സംഘടന ചുമതലയുള്ള ദിപദാസ് മുൻഷി ഉൾപ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നാണ് കെ മുരളീധരൻ വിട്ടുനില്‍ക്കുന്നത്. ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലു നില മന്ദിരം 35 സെന്റ് സ്ഥലത്ത് നിർമിച്ചിരിക്കുന്നത്.
അച്ഛന്റെ പേരില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്നാണ് കെ മുരളീധരൻ വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ വളര്‍ന്നു വരുന്ന പടലപിണക്കങ്ങളുടെ സൂചനയാണ് നല്‍കുന്നത്. മുരളീധരന്റെ ഡി സി സി ഓഫീസ് ഉദ്ഘാടന ബഹിഷ്കരണം പാര്‍ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുന്നുണ്ട്.