ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന് പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും മുൻ മാത്രിയുമായ കെ ടി ജലീൽ .ലഹരിക്കേസിൽ ഫിറോസിൻ്റെ സഹോദരൻ്റെ അറസ്റ്റിൽ ഫിറോസും മുസ്ലിം ലീഗും മറുപടി പറയണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു. മാത്രമല്ല നിരവധി ചെറുപ്പക്കാരെ പി.കെ ഫിറോസിൻ്റെ സഹോദരൻ മയക്കുമരുന്നിൻ്റെ വലയിലാക്കിയതായും അദ്ദേഹം ആരോപിച്ചു. . ഫിറോസ് ഇക്കാര്യം അറിഞ്ഞിട്ടും പൊലീസിന് വിവരം കൈമാറിയില്ലെന്നും സഹോദരൻ ബുജൈർന്റെ കാശ്മീർ ബാംഗ്ലൂർ നിരന്തര യാത്ര പൊലീസ് അന്വേഷിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരൻ!
പണം നേടാൻ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നവൻ്റെ സ്വന്തം സഹോദരൻ കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. വയനാട്ടിലെ ദുരിത ബാധിതർക്ക് പിരിച്ച പണത്തിൽ നിന്ന് പതിൻമടങ്ങ് വിലക്ക് ഭൂമി വാങ്ങി കമ്മീഷൻ അടിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
യൂത്ത് ലീഗ് നേതാവ് പിന്നിൽ കൂടി അപമാനിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേര് കെ.ടി അദീപ്.
ഐസ്ക്രീം പാർലർ കേസിൽ പണവും എം.ജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി സഹോദരഭാര്യക്ക് വാങ്ങിക്കൊടുത്ത്, കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ, പണവും പദവിയും കിട്ടിയാൽ എന്തും ചെയ്യാൻ മടിയില്ലാത്ത ലോകായുക്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് നടത്തിയ കള്ളക്കളിക്ക് കാലം നൽകുന്ന ശിക്ഷയാണിതൊക്കെ. കെ.ടി. അദീപ് ഇപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ “ബാങ്ക് ഓഫ് ബറോഡ”യുടെ സംസ്ഥാനത്തെ കോർപ്പറേറ്റ് വിഭാഗത്തിൻ്റെ ചീഫ് മാനേജരാണ്. അദീപ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ധനകാര്യ സ്ഥാപനത്തിൻ്റെ കൊച്ചിയിലെ ചീഫ് മാനേജരായപ്പോൾ അദീപിനെ അപമാനിച്ചവൻ്റെ സഹോദരൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ പോലീസിനെ അടിച്ചോടിക്കാൻ ശ്രമിച്ച കേസിൽ അഴിക്കുള്ളിലാണ്. പച്ചക്കൊടി പിടിക്കുന്നത് കൊണ്ട് ഇവർക്കൊക്കെ “അർശിൻ്റെ” തണൽ ഉറപ്പാണെന്ന് സമാധാനിക്കാം.
കുന്ദമംഗലം മേഖലയിൽ കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്നത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറിയുടെ സഹോദരനാണെന്നാണ് നാട്ടിലെ സംസാരം. ലഹരിക്കെതിരെ ഇനി മേലിൽ യൂത്ത് ലീഗ് ക്യാമ്പയിൻ നടത്തുകയാണെങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് അതാരംഭിക്കാൻ ലീഗ്-യൂത്ത്ലീഗ് നേതൃത്വങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ഭംഗി?! സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തിൽ നിന്നും ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാത്ത യൂത്ത്ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാൻ എന്തർഹത?
കൊടുത്താൽ കൊല്ലത്തും കിട്ടും മോനെ. യൂത്ത് ലീഗ് നേതാവിൻ്റെ ഒരു പ്രസ് മീറ്റ് ഉടൻ തന്നെ പ്രതീക്ഷിക്കാം. ലീഗ് സൈബർ ഗ്രൂപ്പുകൾ ജാഗരൂകരായിരിക്കുക. യൂത്ത്ലീഗ് നേതാവിൻ്റെ പത്രസമ്മേളനം കഴിഞ്ഞാൽ വൈകാതെ എൻ്റെ പത്ര സമ്മേളനവും ഉണ്ടാകും. അതും കഴിഞ്ഞേ പിരിഞ്ഞു പോകാവൂ