കൊച്ചി : എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച് കേസിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡിജിപിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹാത്കാർ കത്തയച്ചു. കുട്ടിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ദിവസമാണ് നാല് വയസുള്ള കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയത്. കുഞ്ഞിനെ അമ്മ എന്തിനാണ് കൊലപ്പെടുത്തിയത്, പെട്ടെന്നുളള പ്രേരണയെന്ത്, കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ല. കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലാണ് കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് പോലും ഇരയാക്കിയെന്നും ഡോക്ടർ പൊലീസിനെ അറിയിച്ചു.