ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിനെ ചുറ്റിപ്പറ്റി ദുരൂഹത ശക്തമാകുന്നു. ഈ തീരുമാനത്തെക്കുറിച്ചുള്ള രേഖ ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 2-ന് ബോർഡ് ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈ നിർണായക വിവരം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനെ ഗുരുതരമായ വീഴ്ചയെന്ന നിലയിൽ കോടതി വിലയിരുത്തി സൂക്ഷ്മമായ അന്വേഷണം ആവശ്യമാണ് എന്നും വ്യക്തമാക്കി.
മുന്‍പ് കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ബോർഡിന്റെ മിനിറ്റ്സ് പിടിച്ചെടുത്തിരുന്നു. 2025 ജൂലൈ 28 വരെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്ന മിനിറ്റ്സും ശരിയായ രീതിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്താത്തത് വലിയ അനാസ്ഥയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
