ചൂട് താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എല്ലാവരും ചൂടിൽ നിന്നും രക്ഷനേടാൻ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ഭക്ഷണത്തിനും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്, വെള്ളം. ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിയ്ക്കണം എന്ന് എല്ലാവരും പറയാറുണ്ട്. എന്നുവച്ച് വെയിലത്തു നിന്ന് കയറി വന്ന ഉടൻ ഫ്രിഡ്ജിൽ ഇരിക്കുന്ന തണുത്ത വെള്ളം എടുത്ത കുടിക്കുന്നത് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഉഷ്ണകാലത്ത് കഴിക്കേണ്ടത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. കുട്ടികൾക്ക് ഇഷ്ടമല്ലെങ്കിൽ പാൽകഞ്ഞിയായും നൽകാം. പച്ചക്കറികൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്.ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചും മാങ്ങയും ചക്കയും വെണ്ണപ്പഴവുമൊക്കെ നിർബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ട പഴവർഗങ്ങളിൽ ഉൾപ്പെടുത്താം.തൈരും മോരും ധാരാളമായി ഉപയോഗിക്കാം. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരം മെനുവിൽ നിന്നും പരമാവധി ഒഴിവാക്കുക എന്നതാണ്ഇനി അത്രയ്ക്കു നിർബന്ധമാണെങ്കിൽ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യവും. നത്തോലി പോലെയുള്ള ചെറിയ മീനുകൾ കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല കറികളിൽ നിന്നും വറ്റൽമുളകിന്റെയും കുരുമുളകിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാം. പച്ചമുളകാണ് ഇവയേക്കാൾ ഭേദം.