കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിനായി വിജിലൻസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ സ്പോട്ട് ട്രാപി’ എൻ്റെ ഭാഗമായി ഈ വർഷം ഇതുവരെ 40 പേരെ പിടികൂടിയതായി അധികൃതർ. 29 ട്രാപ്പ് കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പണം നേരിട്ട് കൈപ്പറ്റിയതിനു പുറമെ ഡിജിറ്റൽ ഇടപാടിലൂടെ കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.
വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ നാലു മാസം കൊണ്ട് അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വിജയിച്ച ട്രാപ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണിത്. അറസ്റ്റ് ചെയ്‌തവരിൽ 16 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് 5ഉം പൊലീസ് വകുപ്പിൽ നിന്ന് 4 ഉം വനം വകുപ്പിൽ നിന്ന് 2ഉം വാട്ടർ അതോറിറ്റി, മോട്ടോർ വാഹന-രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥർ വീതവും കുടുങ്ങി.
ഒരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജറും ഒരാൾ പൊതുമേഖലാ ബാങ്കിലെ കൺകറണ്ട് ഓഡിറ്ററുമാണ്. ഇതു കൂടാതെ 4 ഏജന്റുമാരെയും സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കുലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി.