ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പിന്‍വലിച്ച പാകിസ്താന്‍ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും വൈകിട്ട് അഞ്ച് മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ നിലവില്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനടുത്തുള്ള ആക്രമണ ശ്രമമാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്.സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് പാകിസ്താനിലെയും ഇന്ത്യയിലെയും ഡിജിഎംഒമാര്‍ ചേര്‍ന്ന് നിലവിലെ സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പാകിസ്താന്‍ അത് ലംഘിച്ചെന്നും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയിലെ ഈ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും നടപടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താന്റെ പ്രകോപനം അപലപനീയമാണെന്നും മിസ്രി പറഞ്ഞു. പാകിസ്താന്‍ സാഹചര്യം കൃത്യമായി മനസിലാക്കുകയും പ്രകോപനം ഉടനടി നിര്‍ത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിക്രം മിസ്രി അറിയിച്ചു.