ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം; പ്രധാനമന്ത്രി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. ഹോട്ടലിൽ എത്തിയ ശേഷം പ്രധാനമന്ത്രി മോദി ജോർദാനിലെ ഇന്ത്യൻ പ്രവാസികളെ കണ്ടുമുട്ടി. പ്രധാനമന്ത്രിക്ക് പ്രവാസി ഭാരത സമൂഹവും സ്നേഹോഷ്മള സ്വീകരണം നല്‍കി. ഏകദേശം 17500 ഇന്ത്യന്‍ പ്രവാസികള്‍ ജോര്‍ദാനിലുണ്ടെന്നാണ് കണക്കുകള്‍.
സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അമ്മാനിലെ ഭാരത സമൂഹം നല്‍കിയ ഊഷ്മളമായ സ്വീകരണം തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചതായി മോദി അഭിപ്രായപ്പെട്ടു. ഭാരതം – ജോര്‍ദാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിന് നന്ദി അറിയിക്കുന്നതായും മോദി കുറിച്ചു.അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജോര്‍ദാന്‍ സന്ദര്‍ശിക്കുന്നത്. ഹുസൈനിയ പാലസിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. 37 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാൻ സന്ദർശിക്കുന്നത് ഇത് ആദ്യമായാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *