ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കുശേഷം ശേഷം കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, ഭാവിയില്‍ പാക് ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സേന വ്യക്തമാക്കി. കര-വ്യോമ-നാവിക സേന മേധാവിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്താന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ദയനീയമാണ്. അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.