കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെപട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു.സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്‌ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു.മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെ 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട്കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.