മലപ്പുറം: കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ നിലമ്പൂരിൽ വീണ്ടും മത്സരിക്കാൻ അൻവർ. നേരത്തെ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അൻവർ വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അൻവറിൻ്റെ ആവശ്യം അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ മത്സരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചത്. കോൺഗ്രസ് പൂർണ്ണമായും അവഗണിച്ചതാണ് അൻവറിൻ്റെ തീരുമാനത്തിന് പിന്നിൽ. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിനൊപ്പം മുന്നണി പ്രവേശനവും പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം നിരാകരിച്ചതാണ് അൻവറിനെ പ്രകോപിച്ചത്.
പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് വി എസ് ജോയ് സ്ഥാനാർത്ഥിയായി വരുന്നത് കോൺഗ്രസിൻ്റെ വിജയസാധ്യത കൂട്ടുമെന്നും അൻവർ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും. സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം ആര്യാടന്‍ ഷൗക്കത്തിനേയും വി എസ് ജോയിയേയും അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.