കോഴിക്കോട്: താമരേശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയിൽ സർക്കാരിനെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെയ്ക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കുറ്റകൃത്യം നടന്നാൽ കോടതിയിലാണ് നടപടികൾ പൂർത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ്?. പ്രതികളുടെ നാലു വിദ്യാർഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു.അത്തരമൊരു നിർദേശം ഉണ്ടായിട്ടുപോലും പരീക്ഷാഫലം സർക്കാർ തടഞ്ഞുവെച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.
ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷ എഴുതിയത്. വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നതോടെയാണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുമ്പോഴാണ് ഷഹബാസ് മരിച്ചത്.