ഹരിയാന തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത സംഭവത്തിൽ ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പോർച്ചുഗീസ് ഭാഷയിലാണ് ലാരിസ പ്രതികരിച്ചത്. “ഇന്ത്യയിലെ വോട്ടിനായി അവർ എന്റെ ചിത്രം ഉപയോഗിക്കുന്നു ഇത് ഭീകരമാണ്,” എന്ന് ലാരിസ വീഡിയോയിൽ പറയുന്നു. “സുഹൃത്തുക്കളേ, ഒരു വിചിത്ര തമാശ പറയാം. ഇന്ത്യയിൽ വോട്ട് തേടാൻ അവർ എന്റെ ഒരു പഴയ ഫോട്ടോ ഉപയോഗിക്കുന്നു. പരസ്പരം പോരാടാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നുണ്ടത്രേ. എന്ത് ഭ്രാന്താണിത്?” എന്നും ലാരിസ പറഞ്ഞു.
“രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളിൽ കാണുന്ന ചിത്രം എന്റെ പഴയ ഫോട്ടോയാണ്. ഇന്ത്യൻ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല,” എന്ന് ബ്രസീലിയൻ ഡിജിറ്റൽ ഇൻഫ്ലുവൻസർ ലാരിസ ബൊണേസി വ്യക്തമാക്കി.
“എന്റെ അനുവാദമില്ലാതെയാണ് ആ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. ഇപ്പോൾ ഞാൻ മോഡലല്ല, ഡിജിറ്റൽ ഇൻഫ്ലുവൻസറാണ്. എങ്കിലും ഇന്ത്യക്കാരെ ഞാൻ സ്നേഹിക്കുന്നു,” എന്നും ലാരിസ തന്റെ വീഡിയോയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണത്തിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് എണ്ണത്തിൽ വൻ വർധനവുണ്ടായതായും അവർ അറിയിച്ചു. “ഇന്ത്യക്കാരെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു. അനേകം ഇന്ത്യക്കാർ എനിക്ക് ഫോളോവേഴ്സ് ആയി ലഭിച്ചു, പലരും എന്റെ ചിത്രങ്ങളിൽ കമന്റ് ചെയ്യുകയും ചെയ്യുന്നു,” എന്നും ലാരിസ കൂട്ടിച്ചേർത്തു.
