ഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന് സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ലോകത്തെ നടുക്കിയെന്നും തന്നെ വ്യക്തിപരമായി ഉലച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തിനായി സൈന്യം കഠിനമായി പ്രവര്‍ത്തിച്ചെന്നും സൈന്യത്തിന് സല്യൂട്ട് നല്‍കുകയാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. പാവപ്പെട്ട മനുഷ്യരെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് അതിക്രൂരമായി കൊലപ്പെടുത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചു. അതിനുളള മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ നേട്ടം രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഓരോ പെണ്മക്കള്ക്കും സമര്‍പ്പിക്കുന്നു’-നരേന്ദ്രമോദി പറഞ്ഞു.
ഭീകരവാദികള്ക്കായാണ് പാകിസ്താന് ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ബഹാവല്‍പൂര്‍, മുരിദ്കെ പോലുളള സ്ഥലങ്ങള്‍ ആഗോള ഭീകരവാദത്തിന്റെ സര്‍വ്വകലാശാലകളാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയില്‍ ഭീകരവാദം നടത്തുന്നവര്‍ പാക് മണ്ണില്‍ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. ഭീകര ക്യാംപുകള്‍ തകര്‍ത്തതിനാണ് പാകിസ്താന് ഇന്ത്യയോട് പ്രകോപനം കാട്ടിയത്. സ്കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും ആക്രമിക്കാനാണ് പാകിസ്താന് ശ്രമിച്ചത്. ഭാരതത്തിന്റെ മിസൈലുകളും ഡ്രോണുകളും അവര്‍ക്ക് മറുപടി നല്കി. പാക് വ്യോമ താവളങ്ങള്‍ ഇന്ത്യന്‍ മിസൈലുകള്‍ തകര്‍ത്തു. ഇന്ത്യ പാകിസ്താന്റെ മണ്ണില്‍ കയറി ഭീകരവാദത്തിന്റെ അടിവേരിളക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.