കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ മൂഴിക്കുളം പാലത്തില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും.കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പുത്തന്‍കുരിശ് പൊലീസിന് കുടുംബം മൊഴി നല്‍കിയിരുന്നു.
മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുവയസ്സുകാരിയുടെ ജീവനറ്റ ശരീരം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയില്‍ മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തില്‍ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.