വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ശശി തരൂർ എംപിയും വിൻസെന്‍റ് എംഎൽഎയും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്.വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെയാണ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. എന്നാൽ സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു.

കമ്മീഷനിങ്ങിന്ന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാരിൻ്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *