വാഹനങ്ങള്‍ക്ക് ഇടയിലൂടെ അതിവേഗം ഓടി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടുപോയ ഒരു ആംബുലന്‍സിന് വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ നിറയെ പ്രചരിച്ചത്. ആംബുലന്‍സിനു മുന്നിലൂടെ സ്പീഡില്‍ ഓടി മറ്റ് വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വളരെ വേഗത്തില്‍ ഗതാഗതക്കുരുക്ക് അഴിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് കേരളം ഇന്ന്.
സംഭവം ഇങ്ങനെ യാണ്തൃശ്ശൂരിലെ അശ്വനി ജംങ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാണ്. കഴിഞ്ഞ ദിവസം ഗതാഗക്കുരുക്കില്‍ പെട്ടുകിടന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലായ രോഗിയുമായി പോവുകയായിരുന്ന മെഡി ഹബ് ഹെല്‍ത്ത് കെയര്‍ ആംബുലന്‍സും ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ആംബുലന്‍സിന്റെ യാത്ര സ്തംഭിച്ചു. ആംബുലന്‍സിന്റെ സൈറണ്‍ മുഴങ്ങുന്നതല്ലാതെ വണ്ടിക്ക് മുന്നോട്ട് പോകാനാവുന്നില്ല. ഉള്ളിലുള്ളത് വിലപ്പെട്ട ഒരു ജീവനാണ്. അപ്പോഴാണ് അതുവഴി പോവുകയായിരുന്ന സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപര്‍ണ അങ്ങോട്ടെത്തിയത്. അപര്‍ണ ഒട്ടും മടിച്ചില്ല റോഡിലേക്കിറങ്ങി ആംബുലന്‍സിന്റെ മുന്നിലൂടെ ഓടി മറ്റ് വാഹനങ്ങള്‍ മാറ്റി ആംബുലന്‍സിന് വഴിയൊരുക്കി. ഏറെ പണിപ്പെട്ടാണ് അപര്‍ണ തന്റെ ദൗത്യം നിര്‍വ്വഹിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്‍ഫാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ പോലീസുകാരിയാണ് അപർണ. തീർന്നില്ല മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ ഉദ്യോഗസ്ഥ. അതെ, അപർണ ലവകുമാറിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല.ഇപ്പോഴിതാ ഈ പുതിയ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.