വയനാട്: മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം വ്യാഴാഴ്ച രാത്രി 11.45ഓടെ താത്കാലികമായി അവസാനിപ്പിച്ചു തുടർന്ന് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ അനുവദിച്ചു.കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള കാര്യത്തിലടക്കം ഇന്ന് തീരുമാനമെടുക്കാമെന്നും ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡിഎഫ്‌ഒയുടെ ഉറപ്പ് നാട്ടുകാർ അംഗീകരിച്ചില്ല. തുടർച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് കെ രാമനെതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്.
അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് മേപ്പാടി ടൗണിന് സമീപം ചെമ്പ്ര മലയുടെ താഴ് വാര പ്രദേശമായ എരുമകൊല്ലി പൂളക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അറുമുഖൻ കാട്ടാനയുടെ മുന്നിൽ പെട്ടു.അറുമുഖൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.