വാഷിംഗ്‌ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി. സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും മാർക്കോ റൂബിയോ പ്രതികരിച്ചു. വിദേശകാര്യ മന്ത്രിയുമായും പാക് പ്രധാനമന്ത്രിയുമായും മാർക്കോ റുബിയോ സംസാരിച്ചു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ഷഹബാസ് ഷെരിഫിനോട് റൂബിയോ ആവശ്യപ്പെട്ടു.
അതേസമയം പാകിസ്‌താനെതിരെ കൂടുതൽ നടപടിയുമായി ഇന്ത്യ മുന്നോട്ടുനീങ്ങുകയാണ്. മെയ് 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പാകിസ്‌താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കും എന്നതിന്റെ സൂചനയാണ് ഇന്ത്യ നൽകുന്നത്. മെയ് 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നത് വ്യോമയാന മന്ത്രാലയം വിലക്കി. പാകിസ്‌താനിൽ രജിസ്റ്റർ ചെയ്ത സൈനിക യാത്രാ വിമാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പഹൽഗാം ഭീകരാക്രമണത്തിൽ മറുപടി നൽകുന്നതിൽ ഇന്ത്യ സമയം പാഴാക്കരുതെന്നും തീരുമാനമെടുക്കുന്നതിൽ പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിർത്തിയിൽ തുടർച്ചയായി പാകിസ്‌താൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നതിൽ ശക്തമായി തിരിച്ചടി നൽകുമെന്ന് സേന മുന്നറിയിപ്പ് നൽകി.