ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ, ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറുമെന്ന് പ്രഖ്യാപിച്ചു. പുതിയ ജിഎസ്ടി സ്ലാബ് പ്രാബല്യത്തില്‍ വരുന്ന സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങും.
ജിഎസ്ടി കുറച്ചതിനുള്ള സര്‍ക്കാരിന്റെ നടപടിയോട് നന്ദി പറയുന്നു. ഉത്സവ സീസണില്‍ ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുനല്കുന്നതില് സന്തോഷമുണ്ടെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ഇറ്റാരു ഒട്ടാനി പറഞ്ഞു.
ആര്15 മോഡലിന് 17,581 രൂപയും, എംടി 15 മോഡലിന് 14,964 രൂപയും, എഫ് ഇസെഡ് എഫ്ഐ ഹൈബ്രിഡ് 12,031 രൂപയും, എഫ് ഇസെഡ് എക്സ് ഹൈബ്രിഡ് 12,430 രൂപയും, എയ്റോക്സ് 155 വേര്‍ഷന്‍ എസ് 12,753 രൂപയും കിഴിവുണ്ടാകും. സ്കൂട്ടറുകളില്‍ റേയ് ഇസഡ് ആറിന് 7759 രൂപയും, ഫസീനോയ്ക്ക് 8509 രൂപയുമാണ് കുറയുക. ഉത്സവകാലത്ത് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ യമഹയുടെ ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിതെന്ന് കമ്പനി അറിയിച്ചു.