നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

നിമിഷ പ്രിയ യുടെ കേസിൽ പുതിയ പ്രതിസന്ധിയോ? വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ. യെമെന്‍ സ്വദേശി തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുമാണ് സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹികമാധ്യമത്തിലൂടെയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫത്തേഹ് മഹ്ദി ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

രണ്ടു കാരണങ്ങൾ കൊണ്ട് കുടുംബം ഏറെ പ്രയാസം അനുഭവിച്ചിട്ടുണ്ട്. ക്രൂരമായ കുറ്റകൃത്യം ആണ് അതിൽ ഒന്ന് മറ്റൊന്ന് ഏറെ നീണ്ടുനിന്ന നിയമവ്യവഹാരമാണ്.അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുന്നു. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല.കൂടാതെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട് എന്നും കുടുംബം പറയുന്നു.

സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്തു തര്‍ക്കമായാലും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ ഇതേ കാര്യങ്ങള്‍ തലാലിന്റെ സഹോദരന്‍ സാമൂഹികമാധ്യമത്തിലും ആവര്‍ത്തിച്ചു.ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. എന്തായാലും ഏതുതരത്തിലുള്ള അനുരഞ്ജനത്തിനും ഞങ്ങള്‍ പൂര്‍ണമായും വിസമ്മതം അറിയിക്കുന്നു. വധശിക്ഷ നടപ്പാക്കും വരെ ഇതിനെ പിന്തുടരും സഹോദരന്‍ പറഞ്ഞു.

അതേസമയം കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവിൽ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *