അഹങ്കാരത്തിന് കിട്ടിയ വൻ തിരിച്ചടി

രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പുകൾ വരും, പോകും. ജയവും തോൽവിയും അതിന്റെ ഭാഗമാണ്. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തിൽ ഏറ്റവും കൗതുകകരമായ കാഴ്ച എന്താണെന്ന് വെച്ചാൽ, ഒരു വലിയ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഷ്ട്രീയ പാർട്ടികൾ അതിനെ എങ്ങനെയാണ് സമീപിക്കുന്നത് എന്നതാണ്.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. സി.പി.എം നേരിട്ട ഈ വലിയ തിരിച്ചടിയുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഈ നാട്ടിലെ സാധാരണ വോട്ടർമാർക്കും വരെ കൃത്യമായി അറിയാം. എന്നാൽ, അത് സ്വന്തം നേതാക്കളെ മാത്രം ബോധ്യപ്പെടുത്താൻ വലിയ പാടാണ് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ യാഥാർത്ഥ്യം.
തോൽവിക്ക് ശേഷവും തിരുത്തലുകൾക്ക് തയ്യാറാകാതെ, കസേരകൾ ഉറപ്പിക്കാൻ മുകളിൽ ഇരിക്കുന്ന നേതാക്കൾ ശ്രമിക്കുമ്പോൾ, താഴെത്തട്ടിൽ അണികൾക്കിടയിൽ കടുത്ത അമർഷവും തല്ലുമാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ CPM പാർട്ടിക്കുള്ളിൽ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അണികൾ നേതാക്കൾക്കെതിരെ തിരിയുന്നത്? ഇത് വെറുമൊരു തെരഞ്ഞെടുപ്പ് തോൽവി മാത്രമാണോ, അതോ പാർട്ടിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയാണോ? നമുക്ക് കാര്യങ്ങൾ ഓരോന്നായി പരിശോധിക്കാം…”

നമ്മൾ ആദ്യം ചർച്ച ചെയ്യേണ്ടത് ഈ കസേര കളിയെക്കുറിച്ചാണ്. സാധാരണ രീതിയിൽ ഒരു ഭരണ മുന്നണിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമ്പോൾ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വത്തിൽ മാറ്റങ്ങൾ വരാറുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചത് എന്താണ്? തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും, കപ്പൽ മുങ്ങിയാലും ക്യാപ്റ്റൻ കസേര വിടില്ല എന്ന കടുത്ത വാശിയിലാണ് നേതൃത്വം മുന്നോട്ട് പോകുന്നത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരുമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞു.
എന്നാൽ, ഈ തീരുമാനം പുറത്തുവന്നതോടെയാണ് താഴെത്തട്ടിലുള്ള അണികൾക്കിടയിൽ പുകഞ്ഞിരുന്ന കനൽ പരസ്യമായ വൻ പൊട്ടിത്തെറിയായി മാറിയത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചാലക്കുടി ഏരിയാ കമ്മിറ്റി യോഗത്തിൽ നമ്മൾ കണ്ടത്. സ്വന്തം പാർട്ടി നേതാക്കളുടെ മുഖത്ത് നോക്കി അണികൾ ചോദിക്കുകയാണ്, ‘പിണറായി വിജയന്റെ ശൈലിയാണ് പാർട്ടിയെ തകർത്തത്, അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് പോലും അർഹനാല്ലെന്ന്’
ആലോചിച്ചു നോക്കൂ, കടുത്ത അച്ചടക്കമുള്ള ഒരു പാർട്ടിയിൽ, മുഖ്യമന്ത്രിയായിരുന്ന ഒരു നേതാവിനെതിരെ സ്വന്തം അണികൾ ഇത്രയും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കണമെങ്കിൽ അടിത്തട്ടിൽ അമർഷം എത്രത്തോളമുണ്ടായിരിക്കണം? അദ്ദേഹത്തിന്റെ കടുത്ത വാക്കുകളും, ജനങ്ങളെ അകറ്റിനിർത്തുന്ന ‘കടക്ക് പുറത്ത്’ പോലുള്ള ശൈലികളുമാണ് സാധാരണ വോട്ടർമാരെ പാർട്ടിയിൽ നിന്ന് പൂർണ്ണമായി അകറ്റിയതെന്ന് അണികൾ വിശ്വസിക്കുന്നു. എറണാകുളത്താകട്ടെ മുൻ മന്ത്രി പി. രാജീവിനെതിരെയും അണികൾ കടുത്ത വിമർശനവുമായി വാളെടുത്ത് നിൽക്കുകയാണ്. ഈ ധാർഷ്ട്യം നിറഞ്ഞ ശൈലി മാറ്റാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് അണികൾ നൽകുന്ന ശക്തമായ മുന്നറിയിപ്പ്.”

ഇനി നമുക്ക് പാർട്ടിയുടെ സംഘടനാ തലപ്പത്തേക്ക് വരാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷെക്കുറിച്ചാണ് അണികൾക്ക് അടുത്ത കടുത്ത വിമർശനമുള്ളത്. ചാലക്കുടിയിലെ കമ്മിറ്റിയിൽ അണികൾ തുറന്നടിച്ചു പറഞ്ഞത്, ‘മാഷേ, സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങളിൽ അങ്ങ് ചാനലുകളിൽ വന്ന് പറയുന്ന തിയറികൾ പ്രതിപക്ഷത്തിനല്ല, പാർട്ടിയുടെ മെമ്പറായ ഞങ്ങൾക്ക് പോലും മനസ്സിലാകുന്നില്ല’ എന്നാണ്!
ഇത് വളരെ ഗൗരവമുള്ളൊരു കാര്യമാണ്. മാർക്‌സിസവും ഡയലക്റ്റിക്കൽ മെറ്റീരിയലിസവും ഒക്കെ പറഞ്ഞ് അണികൾക്ക് പോലും തിരിയാത്ത വലിയ വലിയ തിയറികൾ നേതാക്കൾ എയർകണ്ടീഷണർ മുറികളിലിരുന്ന് വിളമ്പുമ്പോൾ, സാധാരണ വോട്ടർമാർ ചിന്തിക്കുന്നത് ഇവർ തങ്ങളിൽ നിന്ന് എത്രയോ അകലെയാണെന്നാണ്.
യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ജനങ്ങളുടെ ഇടയിൽ ജീവിച്ചിരുന്ന പഴയ നേതാക്കളിൽ നിന്ന് മാറി, ഇന്നത്തെ നേതാക്കൾ എയർകണ്ടീഷണർ കാറുകളിലും മുറികളിലും ഒതുങ്ങിപ്പോയി. അതുകൊണ്ട് തന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ പൾസ് എന്താണെന്ന് അറിയാൻ ഇവർക്ക് സാധിക്കുന്നില്ല. കെ.കെ. ശൈലജയെയും കെ. രാധാകൃഷ്ണനെയും പോലുള്ള സാധാരണക്കാരുമായി അടുത്തുനിൽക്കുന്ന ജനപ്രിയ നേതാക്കളെ പാർട്ടിയിൽ ഒതുക്കി നിർത്തി, ജനങ്ങളെ വെറുപ്പിക്കുന്ന ശൈലിയുള്ളവർക്ക് മുൻഗണന നൽകുമ്പോൾ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നേതാക്കൾ ഇപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് വലിയ കോമഡി.”

Leave a Reply

Your email address will not be published. Required fields are marked *