കേരളത്തിൽ വോട്ടെണ്ണാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്, പക്ഷേ നമ്മുടെ കോൺഗ്രസ് തറവാട്ടിൽ ഇപ്പോൾ തന്നെ ബിരിയാണി ചെമ്പ് തുറന്നു കഴിഞ്ഞു. ‘പെട്ടി’ തുറക്കുന്നതിന് മുൻപ് തന്നെ ‘കുപ്പായം’ തയ്പ്പിച്ചു വെക്കുന്ന ആ പഴയ കോൺഗ്രസ് പാരമ്പര്യം ഉണ്ടല്ലോ, അത് ഇത്തവണയും തെറ്റിച്ചില്ല എന്ന് കേൾക്കുമ്പോൾ ഒരു ആശ്വാസം.
മുഖ്യമന്ത്രി ആരാകണം എന്നതിനെക്കുറിച്ച് നിലവിൽ വലിയ ചർച്ചകളാണല്ലോ നടക്കുന്നത്. എ.പി. അനിൽകുമാർ സാർ പറയുന്നത് കേട്ടാൽ തോന്നും ഇവിടെ ആർക്കും ഈ കസേരയിൽ ഒരു നോട്ടവുമില്ലെന്ന്. ഹൈക്കമാൻഡ് വരും, ആകാശത്തുനിന്ന് ഒരു പേര് താഴേക്ക് ഇടും, അത് എല്ലാവരും കൂടി അങ്ങ് ഏറ്റെടുക്കും! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ആർ. ശങ്കറിന്റെ കാലം മുതൽ ഉമ്മൻ ചാണ്ടിയുടെ കാലം വരെ പരീക്ഷിച്ച അതേ ‘ഫോർമുല’ ഇത്തവണയും ഇറക്കുമെന്നാണ് അനിൽകുമാർ പറയുന്നത്. അതായത്, എം.എൽ.എമാരുടെ അഭിപ്രായം ചോദിക്കും, പകുതി പേർ ഒരാളുടെ പേര് പറയും, ബാക്കി പകുതി പേർ മറ്റൊരാളുടെ പേര് പറയും, ഒടുവിൽ ഹൈക്കമാൻഡ് വന്ന് ‘ഡൽഹിയിൽ തീരുമാനിക്കാം’ എന്ന് പറഞ്ഞ് വിമാനം കയറും.നമുക്ക് ആദ്യം നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് തുടങ്ങാം. കഴിഞ്ഞ കുറച്ചു കാലമായി ‘ഞാനാണ് താരം’ എന്ന ലുക്കിലാണ് പുള്ളിയുടെ നടപ്പ്. പിണറായി വിജയനെതിരെ നിയമസഭയിൽ ആഞ്ഞടിക്കുമ്പോൾ പുള്ളി മനസ്സിൽ കാണുന്നത് ആ മുഖ്യമന്ത്രി കസേരയാണ്. പക്ഷേ പാവം സതീശൻ അറിയുന്നില്ല, പിന്നിൽ നിന്ന് രമേശ് ചെന്നിത്തല ‘ഐശ്വര്യ കേരള യാത്ര’യുടെ സമയത്ത് തയ്പ്പിച്ചു വെച്ച ആ പഴയ കോൺഗ്രസ് കുപ്പായം ഇസ്തിരിയിട്ട് എടുത്തു വെച്ചിട്ടുണ്ടെന്ന്. ചെന്നിത്തലയുടെ ഒരു അവസ്ഥ ആലോചിച്ചു നോക്കൂ… കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാൻ വേണ്ടി എല്ലാം റെഡിയാക്കി വെച്ചതായിരുന്നു, പക്ഷേ ഒടുവിൽ പ്രതിപക്ഷ നേതാവ് സ്ഥാനം കൂടി പോയി കിട്ടി. എന്നിട്ടും പുള്ളി വിട്ടു കൊടുക്കുന്നില്ല. “ഹൈക്കമാൻഡ് തീരുമാനിക്കട്ടെ” എന്ന് ചെന്നിത്തല പറയുമ്പോൾ അതിന്റെ അർത്ഥം “എന്നെ ഒന്ന് പരിഗണിക്കണേ” എന്നാണ്.
ചെന്നിത്തലയെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത് പുള്ളി തയ്പ്പിച്ചു വെച്ച ആ ‘മുഖ്യമന്ത്രി കുപ്പായം’ ആണ്. ഐശ്വര്യ കേരള യാത്ര നയിച്ചപ്പോൾ എല്ലാവരും കരുതിയത് ഇത്തവണ പുള്ളി ഉറപ്പായും കസേരയിൽ ഇരിക്കുമെന്നാണ്. പക്ഷേ, വിധി തിരിച്ചടിച്ചതോടെ ആ കുപ്പായം ഇന്നും ഇസ്തിരിയിട്ട് അലമാരയിൽ തന്നെ ഇരിക്കുകയാണ്. എങ്കിലും പുള്ളിക്ക് ഒരു പ്രതീക്ഷയുണ്ട്—എന്നായാലും ആ കസേര തനിക്ക് കിട്ടുമെന്ന്.
അനിൽകുമാർ പറയുന്നത് ഹൈക്കമാൻഡ് ആണ് പാർട്ടിയെ സജ്ജമാക്കിയത് എന്നാണ്. ശരിയാണ്, താഴെത്തട്ടിൽ നിരീക്ഷകരെ വെച്ചു, സർവ്വേ നടത്തി… വോട്ട് ചെയ്ത ജനങ്ങളുടെ വിശ്വാസം തകരുമത്രേ! വോട്ട് ചെയ്തവർക്ക് ഇതൊക്കെ കാണുമ്പോൾ ഒരു കൗതുകമാണ്. വോട്ടെണ്ണും മുൻപേ മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെങ്കിൽ പിന്നെ എന്ത് കോൺഗ്രസ്? ഇതാണല്ലോ ഇതിന്റെ ഒരു ആവേശം.
സത്യത്തിൽ ഈ ഹൈക്കമാൻഡ് എന്ന സാധനം ഉണ്ടോ അതോ ഇതൊരു മിത്ത് ആണോ എന്ന് പോലും സംശയിച്ചു പോകുന്നു. ഡൽഹിയിൽ ഇരുന്ന് അവർ റിമോട്ട് കൺട്രോൾ അമർത്തുമ്പോൾ ഇവിടെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ അത് അനുസരിക്കുമെന്ന് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. ആർ. ശങ്കർ മുതൽ ഉമ്മൻ ചാണ്ടി വരെ എന്ന് പറയുമ്പോൾ അതിനിടയിലുള്ള ഐ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലുള്ള ആ പഴയ ‘സ്നേഹ പ്രകടനങ്ങൾ’ നമ്മൾ മറന്നിട്ടില്ലല്ലോ. ആ രീതി തന്നെയാണ് ഇത്തവണയും തുടരുന്നതെങ്കിൽ ഐശ്വര്യമായി അടി തുടങ്ങാം എന്ന് ചുരുക്കം.
പാവം അനിൽകുമാർ! പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പുറത്താകാതിരിക്കാൻ എത്ര കഷ്ടപ്പെട്ടാണ് ഓരോ വാചകവും പറയുന്നത്. “ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കും” – ഈ വാചകം കോൺഗ്രസ് നിഘണ്ടുവിൽ “ഞങ്ങൾക്ക് താല്പര്യമുള്ളയാളെ ഹൈക്കമാൻഡിനെ കൊണ്ട് പറയിപ്പിക്കും” എന്നാണ് അർത്ഥം. എന്തായാലും ഫലം വരുമ്പോൾ കാണാം, ഈ ‘രീതി’ അനുസരിച്ച് ആരാണ് വില്ലാളി വീരനായി വരിക എന്ന്. ഒന്നുകിൽ കസേര കിട്ടും, അല്ലെങ്കിൽ കസേരയുടെ കാല് ഒടിയും. കാത്തിരുന്ന് കാണാം!
കോൺഗ്രസ്സ് നേതാക്കൾ വീണ്ടും അടി തുടങ്ങി
