വേനൽച്ചൂട് കഠിനമാകുന്നതോടെ കേരളത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരികയാണ്. സാധാരണയായി കണ്ടുവരുന്ന പനി മാറി ആഴ്ചകൾ കഴിഞ്ഞിട്ടും വിട്ടുമാറാത്ത ചുമ (Post-viral cough), ശ്വാസതടസ്സം എന്നിവയുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഈ അടുത്ത കാലത്തായി കണ്ടുവരുന്നത്.
പലപ്പോഴും വൈറൽ പനികൾക്ക് ശേഷം ശ്വാസനാളികളിലുണ്ടാകുന്ന നീർക്കെട്ട് (Inflammation) മാറാൻ സമയമെടുക്കും .ഇതിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഉയർന്ന ഹ്യുമിഡിറ്റിയും ചേരുമ്പോൾ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു. പുകവലിക്കാത്തവരിലും പാരമ്പര്യമായി അലർജി ഇല്ലാത്തവരിലും പോലും ഇപ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു എന്നത് ഗൗരവകരമായ കാര്യമാണ്.മാറുന്ന ജീവിതശൈലിയും വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും ഇതിന് പ്രധാന കാരണമാകുന്നു.
ശ്വാസകോശത്തിന്റെ ശേഷി അളക്കുന്നതിനായി Pulmonary Function Test (PFT) പോലുള്ള ലളിതമായ പരിശോധനകൾ ഇന്ന് ലഭ്യമാണ്. ശ്വാസകോശം എത്രത്തോളം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ ഈ പരിശോധന സഹായിക്കും. ലക്ഷണങ്ങൾ കണ്ടാൽ വെറുമൊരു അലർജിയാണെന്ന് കരുതി അവഗണിക്കാതെ ഒരു പൾമണോളജിസ്റ്റിന്റെ സഹായം തേടാൻ മടിക്കരുത്.
