കോൺഗ്രസ്സിൽ സംഭവിക്കുന്നത്…

കോൺഗ്രസ്സിൽ മുഖ്യമന്ത്രി വി ഡി സതീശനെ ബഹിഷ്ക്കരിക്കാനും അണിയറയിൽ ഇപ്പോൾ നീക്കം നടക്കുന്നുണ്ട്. നിലവിൽ രണ്ട് ചേരി മാത്രമാണ് പാർട്ടിയിൽ ഉള്ളത്. ഒന്ന് സതീശൻ അനുകൂല ചേരിയും മറ്റൊന്ന് കെസി വേണുഗോപാൽ വിഭാഗം ചേരിയും ആണ്. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേരി ഇപ്പോൾ മുഖ്യമന്ത്രിയുമായി ഒത്തു തീർപ്പിൽ എത്തിയ സാഹചര്യമാണ് ഉള്ളത്. മാസപ്പടി ഡയറിയിൽ വിഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പേര് ഉള്ളതിനാലാണ് ഈ ഐക്യം. സതീശന് ഏതെങ്കിലും കാരണവശാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ടി വന്നാൽ പോലും തനിക്ക് മുഖ്യമന്ത്രി കസേര കിട്ടില്ലന്നത് ചെന്നിത്തലയും ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കൽ സതീശൻ്റെ നേതാവായിരുന്ന ചെന്നിത്തല ഇപ്പോൾ സതീശനെ നേതാവായി അംഗീകരിച്ചാണ് പാർട്ടിക്കുള്ളിൽ പോലും മുന്നോട്ട് പോകുന്നത്. സീനിയർ നേതാവും കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി അംഗമായ ചെന്നിത്തലയുടെ ഗതികേടാണിത് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല. അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്ന ഐ ഗ്രൂപ്പ് നേതാക്കളെ പോലും കെസി വേണുഗോപാൽ റാഞ്ചിയ അവസ്ഥയാണ് നിലവിലുള്ളത്.

മറ്റൊരു സിനിയർ നേതാവായ കെ മുരളീധരൻ്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. മാസപ്പടി ഡയറിയിൽ മുരളീധരൻ്റെ പേരും ഉണ്ട്. മാത്രമല്ല ഒറ്റയാനായി നിന്നാൽ ആരും വക വയ്ക്കില്ലന്ന തിരിച്ചറിവും മുരളീധരനുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുന്ന പണിയാണ് ആരോഗ്യ മന്ത്രികൂടിയായ കെ മുരളീധരൻ ഇപ്പോൾ സ്വികരിച്ചിരിക്കുന്നത്. ലീഡറുടെ മകൻ ചെന്നുപ്പെട്ട അവസ്ഥയാണിത്. അടൂർ പ്രകാശ് മുഖ്യമന്ത്രിയെ വിമർശിച്ചപ്പോൾ തിരിച്ച് മറുപടി കൊടുത്തതും മുരളീധരൻ തന്നെയാണ്. അച്ചനും മകനും മുൻപ് പാർട്ടി പിളർത്തി പുറത്ത് പോയില്ലായിരുന്നു എങ്കിൽ ഇത്തവണ മുഖ്യമന്ത്രി ആകാൻ ഏറെ സാധ്യതയുള്ള നേതാവായിരുന്നു കെ മുരളീധരൻ. എ കെ ആൻ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കെപിസിസി പ്രസിഡൻ്റായി വിലസിയ ആളാണ് ഈ മുരളീധരൻ എന്നതും നമ്മൾ ഓർക്കണം. ഒരിക്കൽ പാർട്ടി പിളർത്തി പുറത്ത് പോയി പിന്നീട് തിരിച്ചു വന്നതിനാലാണ് ആ ഇരിപ്പിടവും സ്വാധീനവും കെ മുരളീധരന് നഷ്‌ടമായിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് വെറുമൊരു മന്ത്രി സ്ഥാനം കൊണ്ട് കെ.മുരളീധരനും തൃപ്‌തിപ്പെട്ടിരിക്കുന്നത്.

അതേസമയം തന്നെ, യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ് അറിയാതെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്ത് പോകുന്നത് അടൂർ പ്രകാശിനെയും വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തുടർച്ചയായ പ്രതികരണവും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിൻ്റെ ശക്തമായ ഇടപെടലുണ്ട് എന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കോൺഗ്രസ്സ് നേതാക്കളുടെ വികാരമാണ് അടൂർ പ്രകാശിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നാണ് കെ.സി പക്ഷം പറയുന്നത്.

മുഖ്യമന്ത്രി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത് എന്നതിൽ ശക്തമായ പ്രതിഷേധം കോൺഗ്രസ്സിൽ മാത്രമല്ല ഘടക കക്ഷികൾക്കിടയിൽ പോലും ഉണ്ട്. അത് വകവച്ച് കൊടുക്കാൻ ഇവരാരും തന്നെ തയ്യാറുമല്ല. അതു കൊണ്ടാണ് അടൂർ പ്രകാശ് വഴിയും മാത്യു കുഴൽ നാടൻ വഴിയും ആദ്യ ഷോക്ക് ട്രീറ്റ് മെൻ്റ് കെസി വിഭാഗം ഇപ്പോൾ കൊടുത്തിരിക്കുന്നത്. താമസിയാതെ കൂടുതൽ നേതാക്കൾ മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് വരുമെന്നതും ഉറപ്പാണ്.

പിണറായി വിജയനും കുടുബാംഗങ്ങൾക്കും എതിരെ ഇഡി കേസിൽ ഹൈക്കോടതിയിൽ സർക്കാർ എടുത്ത നിലപാടിനെതിരെ വലിയ വികാരമാണ് കോൺഗ്രസ്സിൽ രൂപപ്പെട്ടിരിക്കുന്നത്. “ഉമ്മൻ ചാണ്ടിയെ പിണറായി സർക്കാർ ബലാത്സംഗ കേസിൽ കുരുക്കിയപ്പോൾ ഇഡി കേസിൽ പിണറായിക്ക് ഒപ്പം നിന്ന് സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് എതിർ വിഭാഗം ആരോപിക്കുന്നത്. അഡ്വക്കറ്റ് ജനറൽ പ്രതിഭാഗത്തിനൊപ്പം ചേർന്ന് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ് എന്നു മാത്രമല്ല ആരോട് ചോദിച്ചിട്ടാണ് എന്ന ചോദ്യം പോലും കോൺഗ്രസ്സ് എംപിമാരും എംഎൽഎമാരും ഉയർത്തുന്നുണ്ട്. ഈ നിലപാടിൽ പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുള്ളത്.

മാസപ്പടി ഡയറിയിൽ വിഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പേരുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അത്തരം ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. അല്ലാതെ ഒരു പിണറായി സ്‌നേഹവും സതീശന് ഇല്ല. ഇനിയൊട്ട് ഉണ്ടാവുമെന്ന് തോന്നുന്നുമില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം പിണറായിക്കും ഒപ്പമുള്ളവർക്കും നേരെ ഇട്ട എഫ്ഐആറിൽ നാളെ വിഡി സതീശനും രമേശ് ചെന്നിത്തലയും പ്രതിയാക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നിൽ കണ്ടാണ് ഹൈകോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് എതിരായ നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോടതി സർക്കാർ നിലപാട് തള്ളിയതിനാൽ ചങ്കിടിപ്പ് വർദ്ധിച്ചിരിക്കുന്നതും ഈ രണ്ട് നേതാക്കൾക്കു തന്നെയാണ്.

കാരണം, ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് വിഡി സതീശനും ചെന്നിത്തലയ്ക്കും എതിരെ ഇഡി പിടിമുറുക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അപ്പോൾ ആയിരിക്കും അവർ മാസപ്പടി ഡയറി മൊത്തത്തിൽ എടുക്കാൻ പോകുന്നത്. ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കി ആ ടൂൾ ബിജെപി പ്രയോഗിക്കുക തന്നെ ചെയ്യും. അപ്പോൾ വിജിലൻസിനും ഇവർക്ക് എതിരെ കേസെടുക്കേണ്ടതായി വരും. അസാധാരണമായ ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചതാണ് ഹൈക്കോടതിയിൽ നാം കണ്ടത്. ആ പണി പാളിയ സ്ഥിതിക്ക് ഇനി ഇഡിയുടെ നീക്കം പിണറായിക്ക് മാത്രമല്ല മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിയ്ക്കും നിർണ്ണായകമാണ്.

സി.പി.എമ്മിനെ സംബന്ധിച്ച് പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്നാൽ കോൺഗ്രസ്സിലെ അവസ്ഥ അതല്ല മൊത്തത്തിൽ പ്രശ്നമാകും. മുഖ്യമന്ത്രിക്കൊപ്പം പല മന്ത്രിമാരും രാജിവയ്ക്കേണ്ടതായി വരും. ഇതിൽ ഘടക കക്ഷി മന്ത്രിമാരും ഉൾപ്പെടും. മാത്രമല്ല, അത്തരം ഘട്ടത്തിൽ കോൺഗ്രസ്സിൽ പിളർപ്പിനും സാധ്യത വർദ്ധിക്കും. ബിജെപിയുടെ ലക്ഷ്യം മാസപ്പടി കേസ് മുൻ നിർത്തി കേരളത്തിലെ മുന്നണി രാഷ്ട്രീയം പൊളിക്കുക എന്നതാണ്. രണ്ട് മുന്നണിയും കണക്കാണ് എന്ന പ്രതീതി സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് അവർ ശ്രമിക്കുക. മാസപ്പടി ഡയറിയിൽ ഉള്ള മുരളീധരൻ താനല്ലന്ന് പറഞ്ഞ് വി മുരളീധരൻ രംഗത്ത് വന്നതും ഈ നീക്കം പാളാതിരിക്കാൻ വേണ്ടി കൂടിയാണ്.

ഇതിനിടെ, ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലിയും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് വ്യത്യാസങ്ങൾക്കപ്പുറത്ത് നേതാക്കൾ ഒന്നിക്കുന്ന പുതിയ ചേരിയും രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.

നാലു മാസം പിന്നിട്ടിട്ടും പൂർത്തിയാകാത്ത സ്ഥാനവിഭജനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന നിലപാടാണ് പാർട്ടിക്കുള്ളിലും മുന്നണിയിലും കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കെതിരെയും സമീപദിവസങ്ങളിൽ ചില യുവനേതാക്കൾ നടത്തുന്ന പരസ്യപ്രതികരണങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നാണ് നേതാക്കൾ തന്നെ പറയുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത്തരം നിലപാടുകൾ പുറത്തുവരുന്നതെന്നാണ് ലഭിക്കുന്ന സൂചന. വരുംദിവസങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കൃത്യമായ ആലോചനകൾ നടന്നില്ലെങ്കിൽ മുതിർന്ന നേതാക്കൾ തന്നെ നേരിട്ട് മുഖ്യമന്ത്രിക്ക് എതിരെ പരസ്യപ്രതികരണത്തിന് തയ്യാറെടുത്തിരിക്കുകയാണെന്ന ഒരു വിവരം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്.

102 സീറ്റ് നേടി അധികാരത്തിൽ വന്ന ഒരു മുന്നണിയുടെ ഇത്തരം അവസ്ഥയെ കുറിച്ച് ജനങ്ങൾ തന്നെ ഇപ്പോൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കോൺഗ്രസ്സ് നേതാക്കളും മുഖ്യമന്ത്രിയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന സാഹചര്യമാണുള്ളത്.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ടും മുന്നണിക്കുള്ളിലും പാർട്ടിയിലും നിലവിൽ വലിയ പ്രശ്നങ്ങളുണ്ട്. കേരള കോൺഗ്രസ് ജോസഫിൽ പി.ജെ. ജോസഫിന് ഒരു നല്ല പദവി നൽകാത്തതിൽ അവരും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നാലു മാസം പിന്നിടുമ്പോഴും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കുവെച്ച് നൽകുന്നത് പൂർത്തിയായിട്ടില്ല. സ്ഥാനമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു കൂടിയാലോചനയും ഇതുവരെ നടന്നിട്ടില്ലെന്നതാണ് നേതാക്കൾ ഉയർത്തുന്ന പ്രധാന വിമർശനം. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രിക്ക് എതിരെ സകല ഭാഗത്തും എതിർപ്പുകൾ രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എത്ര നാൾ പിടിച്ച് നിൽക്കാൻ സതീശന് കഴിയുമെന്ന ചോദ്യത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നതും അതുകൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *