നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ ഒരു ചോദ്യമാണ് യൂറോപ്പിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക പ്രകമ്പനങ്ങൾ ഇന്ത്യക്കാരെ എങ്ങനെയൊക്കെ ബാധിക്കും എന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഇന്ത്യൻ വംശജർ, അവിടെ ഉന്നത വിദ്യാഭ്യാസത്തിനായി പോയിട്ടുള്ള വിദ്യാർത്ഥികൾ, അതുപോലെതന്നെ ഭാവിയിൽ ജോലി ആവശ്യങ്ങൾക്കായും ഉപരിപഠനത്തിനായും അവിടേക്ക് കുടിയേറാൻ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ആളുകൾ — ഇവരെയെല്ലാം യൂറോപ്പിലെ പുതിയ സംഭവവികാസങ്ങൾ നേരിട്ട് ബാധിക്കുമോ? ഈ വിഷയം വളരെ വിശദമായിത്തന്നെ നമുക്ക് ഓരോ വശങ്ങളായി പരിശോധിക്കേണ്ടതുണ്ട്. നമ്മൾ പ്രവാസം എന്ന് പറയുമ്പോൾ, അടുത്ത കാലം വരെ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളുടെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്ന് യുണൈറ്റഡ് കിംഗ്ഡം അഥവാ യുകെ ആയിരുന്നു. പണ്ട് ബ്രെക്സിറ്റിന് മുൻപും ശേഷവുമൊക്കെയായി ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് തുടങ്ങിയ ബ്രിട്ടീഷ് മേഖലകളിലേക്ക് വലിയ തോതിലാണ് ഇന്ത്യക്കാർ കുടിയേറിപ്പാർത്തിരുന്നത്. 1981-ന് ശേഷമുള്ള കാലഘട്ടം പരിശോധിച്ചാൽ, പ്രൊഫഷണലുകളായ ഡോക്ടർമാർ, നഴ്സുമാർ, ഐടി വിദഗ്ദ്ധർ, ശാസ്ത്രജ്ഞന്മാർ, അക്കാദമീഷ്യന്മാർ, മറ്റ് വിവിധ രംഗങ്ങളിലുള്ള സ്കിൽഡ് തൊഴിലാളികൾ എന്നിവരെല്ലാം തങ്ങളുടെ പ്രൊഫഷണൽ മുന്നേറ്റത്തിന്റെ ഭാഗമായി അങ്ങോട്ട് കുടിയേറുകയാണുണ്ടായത്. അവിടെ പഠനം പൂർത്തിയാക്കിയ ശേഷം അവിടുത്തെ തൊഴിൽ മേഖലയിലേക്ക് പ്രവേശിച്ച് സ്ഥിരതാമസമാക്കിയവരും നിരവധിയാണ്. കൊളോണിയൽ ചരിത്രത്തിന്റെ ഒരു പശ്ചാത്തലവും കോമൺവെൽത്ത് സങ്കൽപ്പത്തിലൂടെയുള്ള സവിശേഷമായ ഒരു ബന്ധവും ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്നുണ്ട്. കണക്കുകൾ പരിശോധിച്ച് നോക്കുകയാണെങ്കിൽ, ഏകദേശം 21 ലക്ഷം മുതൽ 25 ലക്ഷം വരെ ഇന്ത്യൻ വംശജരാണ് ഇന്ന് ബ്രിട്ടനിൽ മാത്രം താമസിക്കുന്നത്. ലണ്ടൻ, ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, ലിവർപൂൾ തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം വളരെ സജീവമായ ഒരു ഇന്ത്യൻ സമൂഹത്തെ നമുക്ക് കാണാൻ സാധിക്കും.
പ്രവാസികളിലെ ചേരിതിരിവുകളും മാറുന്ന രാഷ്ട്രീയ അന്തരീക്ഷവും
എന്നാൽ ബ്രിട്ടനിലെ നമ്മുടെ പ്രവാസ സമൂഹത്തിനിടയിൽ അടുത്തിടെ ചില പുതിയ രീതിയിലുള്ള പ്രവണതകളും ആശങ്കാജനകമായ കാഴ്ചകളും നമ്മൾ കണ്ടു. ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ, ഭരണ-പ്രതിപക്ഷ തർക്കങ്ങൾ, പ്രാദേശിക സമരങ്ങൾ എന്നിവയുടെ പേരിൽ വിദേശത്തുള്ള ഇന്ത്യൻ വംശജരും ചേരിതിരിഞ്ഞ് അവിടെ തെരുവുകളിൽ പ്രക്ഷോഭങ്ങളും ഏറ്റുമുട്ടലുകളും നടത്തുന്ന സാഹചര്യം ഉണ്ടായി. പ്രവാസികൾ ശരീരുകൊണ്ട് വിദേശത്താണെങ്കിലും അവരുടെ ചിന്തകളും രാഷ്ട്രീയ നിലപാടുകളും ഇപ്പോഴും പൂർണ്ണമായും നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
എങ്കിലും ഇത്തരം ചേരിതിരിവുകളും തെരുവ് പ്രക്ഷോഭങ്ങളും അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങളുടെയും സ്കോട്ട്‌ലൻഡ് യാർഡ് പോലെയുള്ള സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളുടെയും ഗൗരവമായ നിരീക്ഷണത്തിലേക്ക് വരുന്നുണ്ട് എന്നത് നാം മറക്കരുത്. വിദേശ രാജ്യങ്ങളിൽ പോയി അവിടുത്തെ നിയമങ്ങൾ പാലിക്കാതെ പരസ്പരം തർക്കിക്കുന്നത് അവിടെയുള്ള ഇന്ത്യക്കാരുടെ പൊതുവായ പ്രതിച്ഛായയെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം.
ഇനി ബ്രിട്ടന്റെ കാര്യം മാറ്റിവെച്ച് യൂറോപ്യൻ യൂണിയന്റെ മറ്റു രാജ്യങ്ങളുടെ കാര്യം എടുത്താൽ, അവിടെയും വളരെ വലിയൊരു ഇന്ത്യൻ സമൂഹം തന്നെയുണ്ട്. ഇയു രാജ്യങ്ങളിലുടനീളമായി ഏകദേശം 17 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. പ്രധാനമായും ജർമ്മനി, ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കാണ് അടുത്ത കാലത്തായി വലിയ തോതിൽ ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ആകർഷിക്കപ്പെടുന്നത്. ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസം സാമാന്യം സൗജന്യമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഭാവി ഉറപ്പാക്കാൻ കഴിവുള്ള ഉയർന്ന ശാസ്ത്ര-സാങ്കേതിക പഠനങ്ങൾക്കാണ് നമ്മുടെ വിദ്യാർത്ഥികൾ അങ്ങോട്ട് കൂടുതലായി പോകുന്നത്. അങ്ങനെ ബ്രിട്ടനും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഒന്നിച്ചു ചേർത്താൽ ഏകദേശം 40 ലക്ഷത്തോളം വരുന്ന വളരെ വലിയൊരു ഇന്ത്യൻ ഡയസ്പോറയാണ് ആ മേഖലയിൽ മൊത്തത്തിലുള്ളത്.
ജനജീവിതവും ജീവിതച്ചെലവ് വർദ്ധനയും മൂലമുള്ള പ്രക്ഷോഭങ്ങൾ
ഇപ്പോൾ യൂറോപ്യൻ തെരുവുകളിൽ നമ്മൾ കാണുന്ന പ്രതിഷേധങ്ങളും സംഘർഷങ്ങളും ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ വർഗ്ഗത്തിന്റെയോ മാത്രം പ്രശ്നമല്ല. പ്രധാനമായും വിദ്യാർത്ഥികളുടെയും സാധാരണക്കാരുടെയും ജീവിത പോരാട്ടങ്ങളുടെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണത്. യൂറോപ്പിൽ ഒട്ടാകെ ജീവിതച്ചെലവ് താങ്ങാനാവാത്ത വിധം ഉയർന്നുവരുന്നു, വിദ്യാർത്ഥികൾക്ക് പഠിക്കാനും ജീവിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടാകുന്നു, പണപ്പെരുപ്പം രൂക്ഷമാകുന്നു. ഇതാണ് ജനങ്ങളെ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങാൻ നിർബന്ധിതരാക്കുന്നത്.
എന്നാൽ, ഈ സാമ്പത്തിക പ്രതിസന്ധികളെയും തെരുവ് പ്രക്ഷോഭങ്ങളെയും തദ്ദേശീയരായ ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ കാണുന്നത് വംശീയമായ ഒരു വീക്ഷണത്തിലൂടെയാണ്. തെരുവിൽ ഇറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്നവരും പൊതുമുതലുകൾ നശിപ്പിക്കുന്നവരുമെല്ലാം പുറത്തുനിന്നു വന്ന കുടിയേറ്റക്കാരാണ് എന്നൊരു തെറ്റായ നരേറ്റീവ് അവിടുത്തെ വലതുപക്ഷ രാഷ്ട്രീയക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ഉന്നയിക്കുന്നതുപോലെ, കുടിയേറ്റക്കാരാണ് ലോകത്തെ എല്ലാ സംഘർഷങ്ങളുടെയും വികസന മുരടിപ്പിന്റെയും തൊഴില്ലായ്മയുടെയും മൂലകാരണം എന്നൊരു തീവ്ര രാഷ്ട്രീയ പ്രചാരണം യൂറോപ്പിലും ശക്തി പ്രാപിക്കുകയാണ്. വാസ്തവത്തിൽ യൂറോപ്പിലെ ഭൂരിഭാഗം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും ജനസംഖ്യാ വളർച്ച പൂജ്യത്തിന് അടുത്തോ അല്ലെങ്കിൽ നെഗറ്റീവോ ആണ്. അവിടുത്തെ പ്രാദേശിക വെള്ളക്കാരുടെ ഇടയിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കിൽ അവരുടെ ആഭ്യന്തര ലേബർ മാർക്കറ്റ് മുന്നോട്ട് പോകണമെങ്കിൽ കുടിയേറ്റ തൊഴിലാളികൾ അവിടെ അത്യാവശ്യമാണ്.
അതുകൊണ്ടാണ് ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും അറബ് മേഖലകളിൽ നിന്നും വലിയ തോതിൽ ആളുകൾ അങ്ങോട്ട് കുടിയേറുന്നത്. എന്നാൽ ഇങ്ങനെ വിദേശങ്ങളിൽ നിന്ന് കടന്നു വരുന്നത് വെറുമൊരു മനുഷ്യശക്തി മാത്രമല്ല, മറിച്ച് അവരുടെ സംസ്കാരവും ജീവിതരീതികളും മതവിശ്വാസങ്ങളുമാണ്. ആദ്യ തലമുറയിലെ കുടിയേറ്റക്കാരുടെ ഈ സാംസ്കാരിക വൈവിധ്യങ്ങൾ വരും തലമുറകളിൽ അവിടുത്തെ പ്രാദേശിക സംസ്കാരവുമായി എങ്ങനെ അലിഞ്ഞുചേരും എന്നത് അവിടുത്തെ പ്രാദേശിക നേതാക്കൾക്കിടയിൽ വലിയൊരു ആശങ്കയായി മാറിയിട്ടുണ്ട്.
ഡെമോഗ്രാഫിക് മാറ്റങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും
യൂറോപ്പിൽ വെളുത്ത വർഗ്ഗക്കാരായ തദ്ദേശീയരുടെ ജനസംഖ്യ കുറയുകയും അല്ലാത്തവരുടെ എണ്ണം അതിവേഗം വർദ്ധിക്കുകയും ചെയ്യുമ്പോൾ ഭാവിയിൽ വലിയ ഡെമോഗ്രാഫിക് ഷിഫ്റ്റുകൾ അഥവാ ജനസംഖ്യാപരമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ലോകനേതാക്കൾ പരസ്യമായി ചൂണ്ടിക്കാണിക്കുന്നത് ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ബ്രിട്ടൻ യൂറോപ്പിലെ ആദ്യത്തെ വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറിയേക്കാം എന്നാണ്. ഇത്തരം ഭയങ്ങളെയും വംശീയ ചിന്തകളെയും മൂലധനമാക്കിക്കൊണ്ട് തദ്ദേശീയരായ വെള്ളക്കാരുടെ വോട്ട് പെട്ടിയിലാക്കാൻ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നു.
ഇത്തരം ഒരു വംശീയ അന്തരീക്ഷം യൂറോപ്പിൽ വളരുമ്പോൾ, വെള്ളക്കാരല്ലാത്ത മുഴുവൻ കുടിയേറ്റക്കാരെയും ഒരേ കണ്ണോടെ കാണാനുള്ള സാധ്യത കൂടുതലാണ്. പുറമെ നിന്ന് കണ്ടാൽ ഒരാൾ ഇന്ത്യക്കാരനാണോ പാകിസ്ഥാനിയാണോ ബംഗ്ലാദേശിയാണോ എന്ന് കൃത്യമായി വേർതിരിച്ചറിയാൻ അവിടുത്തെ തദ്ദേശീയർക്ക് സാധിക്കണമെന്നില്ല. അതിനാൽ യൂറോപ്പിൽ ഉണ്ടാകുന്ന ഏത് വംശീയ തിരിച്ചടികളും അവിടുത്തെ ശാന്തമായ ജീവിതം ആഗ്രഹിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെയും വിദ്യാർത്ഥികളുടെയും മുന്നോട്ടുള്ള സുരക്ഷിതമായ ജീവിതത്തിന് വലിയ ഭീഷണിയായി മാറിയേക്കാം. വരും നാളുകളിൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കാനും വിസ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പല യൂറോപ്യൻ രാജ്യങ്ങളും നിർബന്ധിതരായേക്കും.
ഈ ഒരു ആഗോള സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യ വളരെ ജാഗ്രതയോടെയും നയതന്ത്ര പ്രാധാന്യത്തോടെയും നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. വെറുമൊരു വംശീയമായോ മതപരമായോ രാഷ്ട്രീയപരമായോ ഉള്ള വേർതിരിവുകൾ ഉണ്ടാക്കാതെ, വിദേശത്തും നാട്ടിലുമുള്ള മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വികസന നയങ്ങളാണ് നമുക്ക് ആവശ്യമായിട്ടുള്ളത്.
കൃത്യമായ രേഖകളില്ലാത്ത അനധികൃത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെങ്കിലും, കൃത്യമായ യോഗ്യതയോടും കഴിവുകളോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി ജീവിതം കെട്ടിപ്പടുക്കാൻ വിദേശത്തേക്ക് പോകുന്ന നമ്മുടെ മിടുക്കരായ യുവത്വത്തെ നാം പിന്തുണയ്ക്കണം. കാരണം അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ഒക്കെയായി പടർന്നു കിടക്കുന്ന ഇന്ത്യൻ ഡയസ്പോറ ലോകത്തിൽ ഏറ്റവും ഊർജ്ജസ്വലവും ശക്തവുമാണ്. അവരിലൂടെ ലോകമെമ്പാടും ഭാരതത്തിന്റെ പ്രഭാവവും നല്ലൊരു ഗുഡ്‌വില്ലും വളർന്നുവരട്ടെ.
