അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ എന്താണ് നടക്കുന്നത് .ഡൊണാൾഡ് ട്രമ്പിന്റെ ഭരണത്തെക്കുറിച്ചും, വരാനിരിക്കുന്ന മിഡ്-ടേം ഇലക്ഷനെക്കുറിച്ചും പുറത്തുവരുന്ന വാർത്തകൾ ട്രമ്പിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും ഒട്ടും സുഖകരമായ ഒന്നല്ല.
സത്യത്തിൽ, ട്രമ്പിന്റെ ആദ്യ ഭരണകാലവും (First Term) ഈ രണ്ടാമത്തെ ഭരണകാലവും (Second Term) തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. നാലു വർഷം മുമ്പുള്ള ട്രംപിനെ നമ്മൾ ഓർത്തു നോക്കൂ. ആ സമയത്ത് അദ്ദേഹം വിദേശകാര്യങ്ങൾ ഒക്കെ സാമാന്യം ഭംഗിയായിട്ടാണ് കൈകാര്യം ചെയ്തത്. അമേരിക്കൻ സമ്പത്വ്യവസ്ഥയെ നന്നായി താങ്ങിനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് “മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന അദ്ദേഹത്തിന്റെ ക്യാമ്പയിൻ വൻ വിജയമായി മാറിയതും, ജനങ്ങൾ അദ്ദേഹത്തിന് വീണ്ടും ഒരു അവസരം നൽകിയതും.
പക്ഷേ, ഇപ്പോൾ കഥയെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. രണ്ടാം ഊഴത്തിലേക്ക് എത്തിയപ്പോൾ ട്രമ്പിന്റെ ഭരണം വലിയൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അധികാരമേറ്റ് അധികം വൈകാതെ തന്നെ അമേരിക്കൻ ജനതയെ വല്ലാതെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
ഇതിന്റെയൊക്കെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന സർവേ ഫലങ്ങൾ. അമേരിക്കൻ സെനറ്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നയങ്ങളിൽ ജനങ്ങൾക്ക് കടുത്ത അമർഷമാണ് ഉള്ളത്. അസോസിയേറ്റഡ് പ്രസ് സർവേ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോകുന്ന രീതിയിൽ ഗൗരവകരമായ മാറ്റമോ അല്ലെങ്കിൽ സമ്പൂർണ്ണമായ ഒരു അട്ടിമറിയോ വേണമെന്നാണ് പങ്കെടുത്ത 1100-ലധികം വരുന്ന അമേരിക്കൻ മുതിർന്ന പൗരന്മാരിൽ 80 ശതമാനവും ആവശ്യപ്പെടുന്നത്! ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത ഒരു തിരിച്ചടിയാണ് നൽകുന്നത്.
ജനങ്ങൾക്ക് ട്രമ്പിനോട് ഇത്രയധികം എതിർപ്പ് തോന്നാൻ കാരണം എന്താണ്?
പ്രധാനമായും നമ്മുടെയൊക്കെ പോക്കറ്റിനെ ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ്. ഉയർന്ന ജീവിതച്ചെലവ്, ക്രമാതീതമായ എണ്ണവില വർദ്ധനവ്, വലിയ തോതിലുള്ള പണപ്പെരുപ്പം (Inflation), ചരക്കുനീക്കത്തിലുണ്ടായ തടസ്സങ്ങൾ ഇതൊക്കെ സാധാരണക്കാരുടെ ജീവിതം കഠിനമാക്കിയിരിക്കുന്നു.
ഇതുകൂടാതെ, ട്രമ്പിന്റെ വിദേശനയങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഇറാനെതിരെ വലിയ ആക്രമണങ്ങൾക്ക് അദ്ദേഹം പദ്ധതിയിടുമ്പോൾ തന്നെ, സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതുപോലെ തന്നെ, ഗ്രീൻലാൻഡിന്റെ കാര്യത്തിൽ, കാനഡയുടെ കാര്യത്തിൽ, പാനമ കനാലിന്റെ കാര്യത്തിലൊക്കെ ട്രംപ് നടത്തിയ അനാവശ്യ പ്രസ്താവനകൾ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ പ്രതിച്ഛായ വല്ലാതെ ഇടിച്ചു കളഞ്ഞു.
ഇപ്പോള് പുറത്തുവരുന്ന വാർത്തകളനുസരിച്ച് , ELECTION പ്രമാണിച്ച്
ട്രംബ് വമ്പൻ വാഗ്ദാനങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.പാർലമെന്റിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തുകയാണെങ്കിൽ രാജ്യത്തെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ വീതം ലാഭവിഹിതമായി നൽകുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.ഡാളസിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ആദ്യമായി അവതരിപ്പിച്ച ഈ പദ്ധതിക്ക് വ്യക്തമായ സാമ്പത്തിക സ്രോതസ്സോ, അത് നടപ്പിലാക്കാനുള്ള കൃത്യമായ സംവിധാനങ്ങളോ, പണം വിതരണം ചെയ്യുന്നതിനുള്ള സമയപരിധിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിൽപോലും, തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും പൊതുവേദികളിലും ട്രംപ് ഈ വാഗ്ദാനം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വളരെ വേഗത്തിൽ തന്നെ ഈ തുക ജനങ്ങളിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ രാജ്യത്തിന് ഏകദേശം 1.2 ട്രില്യൺ ഡോളറോളം ഭീമമായ ചിലവ് വരുത്തുന്ന ഈ പദ്ധതി യഥാർത്ഥത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന ഒന്നാണോ അതോ വോട്ടർമാരെ ആകർഷിക്കാൻ വേണ്ടിയുള്ള വെറുമൊരു പ്രചാരണ തന്ത്രം മാത്രമാണോ എന്നത് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.
ഈ വൻതുകയുടെ വിതരണം അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ കടുത്ത ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന മുതിർന്ന പൗരന്മാർക്ക് ഈ തുക അയച്ചുനൽകുന്നതിന് 1.2 ട്രില്യൺ ഡോളറിലധികം തുക നേരിട്ട് ആവശ്യമാണെന്നിരിക്കെ, ഇതിന്റെ പലിശ ഇനത്തിൽ മാത്രം ഭീമമായ തുക സർക്കാർ കണ്ടെത്തേണ്ടി വരും. അതോടൊപ്പം തന്നെ, ഈ വാഗ്ദാനത്തിന്റെ മാനദണ്ഡങ്ങളിൽ ട്രംപ് നിരന്തരം മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ചില ഘട്ടങ്ങളിൽ എല്ലാ പൗരന്മാർക്കും തുക നൽകുമെന്ന് പറയുമ്പോൾ മറ്റു ചിലപ്പോൾ മുതിർന്ന പൗരന്മാർക്ക് മാത്രമായി അത് പരിമിതപ്പെടുത്തുന്നു. പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ അനുസരിച്ച്, നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ളവരെ ഒഴിവാക്കിയാൽ പോലും ഈ പദ്ധതിക്ക് 1.15 ട്രില്യൺ ഡോളറിൽ അധികം ചിലവ് വരും. ഇത്രയും വലിയ തുക വിപണിയിലേക്ക് ഒരേസമയം ഒഴുക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം വൻതോതിൽ ഉയർത്താൻ കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക സ്ഥിരതയെ തകരാറിലാക്കുന്നതും കടക്കെണി വർദ്ധിപ്പിക്കുന്നതുമായ ഇത്തരം പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥയെ വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഈ വിഷയത്തിൽ ട്രംപിന്റെ സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിട്ടുണ്ട്.മുൻകാലങ്ങളിലും സമാനമായ രീതിയിൽ ഉയർന്ന തുകകളുടെ ധനസഹായങ്ങൾ ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും പ്രായോഗിക തലത്തിൽ നടപ്പിലായിരുന്നില്ല എന്ന ചരിത്രവും നിലനിൽക്കുന്നുണ്ട്..പൊതുജനങ്ങളുടെയും വോട്ടർമാരുടെയും നിലപാട് പരിശോധിച്ചാൽ, ഇത്തരമൊരു പണസഹായം ലഭിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ നടപ്പിലാകുമെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നില്ല..
ഇനി എന്താണ് ഈ മിഡ്-ടേം ഇലക്ഷൻ?
നവംബർ മൂന്നാം തീയതി അമേരിക്കൻ ജനത തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പല്ല. പകരം, അമേരിക്കൻ കോൺഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ഇവിടെ രണ്ട് മണ്ഡലങ്ങളാണുള്ളത്. ഒന്ന്, ഉപരിമണ്ഡലമായ സെനറ്റ് (Senate). ഇവിടെ ആകെ 100 അംഗങ്ങളാണുള്ളത്. നമ്മുടെ രാജ്യസഭ പോലെയാണ് ഇവിടത്തെ രീതി; എല്ലാ രണ്ടു വർഷവും മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. ഏതാണ്ട് 35 സീറ്റുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ചെറിയൊരു മേധാവിത്വം ഉണ്ടെങ്കിലും, പാർട്ടിയിലെ പലരും ട്രമ്പിന്റെ നയങ്ങളോട് യോജിക്കുന്നവരല്ല.
രണ്ടാമത്തേത്, ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് (House of Representatives) ആണ്. ഇതിന്റെ കാലാവധി രണ്ടു വർഷമാണ്. 435 സീറ്റുകളുള്ള ഈ സഭയിലെ തിരഞ്ഞെടുപ്പ്, അമേരിക്കൻ ജനങ്ങളുടെ ഇപ്പോഴത്തെ മൂഡ് അളക്കാനുള്ള ഒന്നാംതരം ഒരു അവസരമാണ്. പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങി വെക്കണമെങ്കിൽ പോലും ഈ സഭയുടെ പിന്തുണ ആവശ്യമാണ്.
അമേരിക്കൻ സ്റ്റേറ്റുകളെ നമ്മൾ നോക്കിയാൽ, എക്കാലത്തും റിപ്പബ്ലിക്കന്മാരെ പിന്തുണയ്ക്കുന്ന ‘റെഡ് സ്റ്റേറ്റുകളും’, ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന ‘ബ്ലൂ സ്റ്റേറ്റുകളും’ ഉണ്ട്. എന്നാൽ ജയം മാറിമറിയുന്നത് ‘സ്വിങ് സ്റ്റേറ്റുകളിലാണ്’. കഴിഞ്ഞ പ്രാവശ്യം ഈ സ്വിങ് സ്റ്റേറ്റുകൾ ട്രമ്പിനെയാണ് പിന്തുണച്ചത്. അതുകൊണ്ടാണ് അദ്ദേഹം സർവ്വശക്തനായ പ്രസിഡന്റായി മാറിയത്.
പക്ഷേ, കാര്യങ്ങൾ ഇപ്പോൾ കൈവിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ട്രമ്പിന്റെ അപ്രൂവൽ റേറ്റിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയായ 29 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു!
ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ സാധ്യത?
ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കുകയും, റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുകയും ചെയ്താൽ ട്രമ്പിന്റെ കാര്യം കഷ്ടത്തിലാകും. അദ്ദേഹത്തിന് ഒരു ‘ലെയ്ം ഡക്ക് പ്രസിഡന്റ്’ (Lame Duck President) അഥവാ മുളന്തൻ താറാവിന്റെ അവസ്ഥയായിരിക്കും ഉണ്ടാവുക. മനസ്സിൽ തോന്നുമ്പോലെ തീരുമാനങ്ങൾ എടുക്കാനോ, ബഡ്ജറ്റ് പാസാക്കാനോ, പുതിയ നിയമങ്ങൾ കൊണ്ടുവരാനോ അദ്ദേഹത്തിന് കഴിയില്ല. സെനറ്റിന്റെയും കോൺഗ്രസിന്റെയും അനുമതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാകും.
പുറമെ നോക്കുമ്പോൾ ഇറാനെക്കുറിച്ചും യുദ്ധങ്ങളെക്കുറിച്ചുമൊക്കെ ട്രംപ് വലിയ വീമ്പുകൾ പറയുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദ്ദേഹം ഭയപ്പെടുന്നത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ വോട്ടർ അമർഷത്തെയാണ്. അമേരിക്കൻ ജനാധിപത്യത്തിലെ ‘ചെക്ക് ആൻഡ് ബാലൻസ്’ സിസ്റ്റം അദ്ദേഹത്തിന്റെ കടിഞ്ഞാൺ വലിക്കാൻ തയ്യാറെടുക്കുകയാണ്.
ഇറാനെ വിറപ്പിക്കുന്ന ട്രമ്പ്, സ്വന്തം നാട്ടിൽ പണിവാങ്ങുന്നു!
