കഴിഞ്ഞ ദിവസം കേരള നിയമസഭ സാക്ഷ്യം വഹിച്ചത് ചരിത്രപരമായ ഒരു പ്രഖ്യാപനത്തിനാണ്. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര അർലേക്കർ സഭയിൽ വായിച്ചപ്പോൾ, കേരളക്കര ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്—”തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രഖ്യാപിച്ച ആ അഞ്ച് ഇന്ദിര ഗ്യാരന്റികൾ ഈ തകർന്നടിഞ്ഞ ഖജനാവ് വെച്ച് എങ്ങനെ നടപ്പാക്കും?”
ശത്രുക്കൾ പോലും കരുതി, മുൻ സർക്കാർ വരുത്തിവെച്ച ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ യുഡിഎഫ് സർക്കാർ പെട്ടുപോകുമെന്ന്. എന്നാൽ, അസൂയക്കാരുടെയെല്ലാം വായടപ്പിച്ചുകൊണ്ട്, വിപ്ലവകരമായ ആ അഞ്ച് പദ്ധതികളും വെറും അഞ്ച് വർഷം കൊണ്ട് കൃത്യമായി നടപ്പാക്കാനുള്ള ആരും ചിന്തിക്കാത്ത, അത്ഭുതപ്പെടുത്തുന്ന വഴികൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനോടകം തന്നെ കണ്ടുവെച്ചിട്ടുണ്ട്! വെറും പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് തകർന്ന ഖജനാവിനെ ഒട്ടും ബാധിക്കാതെ ഈ കോടികളുടെ പദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന കൃത്യമായ മാസ്റ്റർ പ്ലാൻ സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു. എന്താണ് സതീശൻ്റെ ആ രഹസ്യ പ്ലാൻ? എങ്ങനെയുണ്ടാകും ഈ “പുതുയുഗ കേരളം”? നമുക്കൊന്ന് വിശദമായി പരിശോധിക്കാം.
, ഈ പദ്ധതികളിലേക്ക് കടക്കും മുൻപ്, കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ ഒരു പരിഹാസമുണ്ട്, അത് നമ്മൾ കാണാതിരുന്നുകൂടാ. ഖജനാവിൽ 5429 കോടി രൂപ ബാക്കി വെച്ചിട്ടാണ് തങ്ങൾ ഭരണം വിട്ടതെന്നും, പുതിയ സർക്കാർ ധനപ്രതിസന്ധിയെക്കുറിച്ച് വെറുതെ കള്ളം പറയുകയാണെന്നുമാണ് അദ്ദേഹത്തിൻ്റെ വാദം. ഇത് കേട്ടാൽ ആർക്കാണ് ചിരി വരാത്തത്?
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ആരാണ്? സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 2021-ലെ ശമ്പള പരിഷ്കരണ കുടിശികയോ, ഡി.എ അലവൻസോ നൽകാതെ വഞ്ചിച്ചവരാണ് ഇവർ. ട്രഷറിയിൽ കഴിഞ്ഞ തിരുവോണക്കാലം മുതൽ ക്യൂ സിസ്റ്റം ഏർപ്പെടുത്തി, ആദ്യം പത്ത് ലക്ഷം, പിന്നെ അത് കുറച്ച് മൂന്ന് ലക്ഷത്തിന് മുകളിലുള്ള ചെക്കുകൾ മാറാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ 40 ശതമാനത്തോളം വരുന്ന പദ്ധതി വിഹിതം പോലും നൽകാതെ, പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയിലാണ് അവർ ഖജനാവ് വിട്ടൊഴിഞ്ഞത്. എന്നിട്ടാണ് ഇപ്പോൾ വലിയ തൊലിക്കട്ടിയോടെ 5429 കോടിയുടെ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്! എന്നാൽ വി.ഡി. സതീശൻ സർക്കാർ ഒളിച്ചുകളിക്കില്ല. ഈ ധനപ്രതിസന്ധിയുടെ യഥാർത്ഥ അവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ അളന്നുതിട്ടപ്പെടുത്തി കാണിക്കാൻ ഒരു ‘ധവളപത്രം’ (White Paper) ഉടൻ പുറത്തിറക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ധവളപത്രം വരുമ്പോൾ പിണറായിയുടെ കള്ളക്കണക്കുകളെല്ലാം പൊളിയും.
(
ഇനി നമുക്ക് ആ ആകാംഷഭരിതമായ കാര്യത്തിലേക്ക് വരാം. ഈ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ‘ഇന്ദിര ഗ്യാരന്റികൾ’ എങ്ങനെ നടപ്പാക്കും? അതിന് ഗവൺമെൻ്റ് മുന്നോട്ട് വെക്കുന്ന പ്രായോഗിക വഴികൾ എന്തൊക്കെയാണ്?
അതിലെ ഒന്നാമത്തെ പ്രഖ്യാപനം വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ്.
കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം നോക്കിയാൽ 52 ശതമാനവും സ്ത്രീകളാണ്. അപ്പോൾ എല്ലാ സ്ത്രീകൾക്കും സൗജന്യ പാസ് നൽകിയാൽ കെഎസ്ആർടിസി കൂടുതൽ തകരില്ലേ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സതീശൻ സർക്കാർ ചിന്തിക്കുന്നത് വളരെ യുക്തിസഹമായാണ്. ഇതിനായി മുൻപ് കെ.എം. മാണി സാറിൻ്റെ കാലത്ത് കൊണ്ടുവന്ന ‘കാരുണ്യ ലോട്ടറി’ പോലെ ഒരു പ്രത്യേക ‘ട്രാൻസ്പോർട്ട് ലോട്ടറി’ കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നു. ലോട്ടറി വഴിയുള്ള നികുതിയേതര വരുമാനം കെഎസ്ആർടിസിയിലേക്ക് നേരിട്ട് എത്തിച്ച്, ആ തുക കൊണ്ട് പാവപ്പെട്ട സ്ത്രീകൾക്ക് പൂർണ്ണ സൗജന്യ യാത്ര ഉറപ്പാക്കും.
മാത്രമല്ല, ഇത് എല്ലാ സ്ത്രീകൾക്കും അക്രോസ് ദി ബോർഡ് നൽകുന്നതിന് പകരം, നീല, മഞ്ഞ റേഷൻ കാർഡുകാരായ താഴേത്തട്ടിലുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും നടപ്പാക്കുക. നമ്മുടെ നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ 93 ശതമാനവും സ്ത്രീകളാണ്. കുടുംബശ്രീ പ്രവർത്തകരും വീട്ടുജോലിക്ക് പോകുന്നവരും നിരന്തരം യാത്ര ചെയ്യുന്നവരാണ്. അവർക്ക് ഈ സൗജന്യ യാത്ര വലിയൊരു സാമ്പത്തിക ലാഭമുണ്ടാക്കും. കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്ന് വോട്ട് തട്ടിയിട്ട് അത് 2029-ലേക്ക് നീട്ടിവെച്ച് സ്ത്രീകളെ പറ്റിച്ചപ്പോൾ, യുഡിഎഫ് സർക്കാർ സ്ത്രീകളെ യഥാർത്ഥമായി ചേർത്തുപിടിക്കുകയാണ്. ജൂൺ 15-ഓടെ ഇതിൻ്റെ പൂർണ്ണമായ വിവരങ്ങൾ മുഖ്യമന്ത്രി നേരിട്ട് പ്രഖ്യാപിക്കും.
രണ്ടാമത്തെയും മൂന്നാമത്തെയും ഗ്യാരന്റികൾ സാധാരണക്കാരുടെ സാമൂഹിക സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതാണ്.
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നതാണത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വോട്ട് തട്ടാൻ വേണ്ടി മാത്രം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് താൽക്കാലികമായി വർദ്ധിപ്പിച്ചതുപോലെയല്ല യുഡിഎഫിൻ്റെ സമീപനം. സമസ്ത മേഖലകളിലെയും വരുമാന സമാഹരണത്തിലും ചെലവുകളിലും വലിയ തിരുത്തലുകൾ വരുത്തിക്കൊണ്ട്, സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായി പെൻഷൻ തുക 3000-ത്തിലേക്ക് ഉയർത്തും. അഞ്ചു വർഷം തികച്ച് ഈ ഗവൺമെന്റ് ഇറങ്ങുന്നതിനു മുൻപ് ഈ വാഗ്ദാനം പൂർണ്ണമായും പാലിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
അതുപോലെ തന്നെയാണ് കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ നൽകുന്ന പദ്ധതി. നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ ഇന്നും സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാണ് ആദ്യം മുടങ്ങുന്നത്. സി.ഡി.എസിൻ്റെ (Center for Development Studies) പഠനങ്ങൾ വ്യക്തമാക്കുന്നത്, കേരളത്തിൽ 66 ശതമാനം ആൺകുട്ടികൾ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പോകുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും സാധാരണ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ഒതുങ്ങിപ്പോകുന്നത് എന്നാണ്. കാരണം മാതാപിതാക്കൾക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ തുക ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമില്ല, പകരം വിവാഹത്തിനാണ് അവർ പണം മാറ്റിവെക്കുന്നത്. ഈ 1000 രൂപ വിദ്യാർത്ഥിനികൾക്ക് നേരിട്ട് ലഭിക്കുമ്പോൾ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം കുറയുകയും, പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വലിയൊരു പ്രോത്സാഹനമായി അത് മാറുകയും ചെയ്യും.
നാലാമത്തെ ഗ്യാരന്റി, ജനപ്രിയ നായകൻ ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കൊണ്ടുവരുന്ന 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. കേരളത്തിൽ 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗം സാധാരണ കുടുംബങ്ങളുടെയും വലിയൊരു തുക ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുന്നു. സാധാരണക്കാരായ എല്ലാ കുടുംബങ്ങൾക്കും ഒരു വലിയ സുരക്ഷാ കവചമായി ഈ ഇൻഷുറൻസ് പദ്ധതി മാറും. ഇതിലേക്ക് ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമായി ജനങ്ങളുടെ ചെറിയൊരു കോൺട്രിബ്യൂഷൻ കൂടി ചേർത്തുകൊണ്ട്, ‘പലതുള്ളി പെരുവെള്ളം’ എന്ന രീതിയിൽ വൻകിട ചികിത്സാ ചെലവുകൾ പോലും സർക്കാർ ഏറ്റെടുക്കുന്ന വിപ്ലവകരമായ പദ്ധതിയാണിത്.
അഞ്ചാമത്തെയും ഏറ്റവും നിർണ്ണായകവുമായ പ്രഖ്യാപനമാണ് യുവസംരംഭകർക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ. നീതി ആയോഗിൻ്റെ വ്യവസായ മത്സര സജ്ജതാ പഠനത്തിൽ കേരളം ഇന്ന് 18 വലിയ സംസ്ഥാനങ്ങളിൽ 15-ാം സ്ഥാനത്താണ്. നോക്കുകൂലിയും യൂണിയൻ അതിക്രമങ്ങളും കാരണം വ്യവസായികൾ അയൽ സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകുന്നു, നമ്മുടെ മിടുക്കരായ യുവജനങ്ങൾ ബ്രെയിൻ ഡ്രെയിൻ (Brain Drain) കാരണം വിദേശങ്ങളിലേക്ക് ചേക്കേറുന്നു. ഇതിനൊരു മാറ്റം വരുത്താൻ പ്രാപ്തനായ, കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കരങ്ങളിലാണ് ഇന്ന് ഈ വകുപ്പുള്ളത്. 2012-16 കാലത്ത് അദ്ദേഹം കൊണ്ടുവന്ന ഐടി വിപ്ലവം നമ്മൾ കണ്ടതാണ്.
ഈ 5 ലക്ഷത്തിൻ്റെ പലിശരഹിത വായ്പയിലൂടെ ക്യാമ്പസുകളിൽ ഒരു സംരംഭക എക്കോസിസ്റ്റം (Entrepreneurial Ecosystem) കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിക്കും. ഓരോ ക്യാമ്പസിലും ‘ലേബർ ബ്യൂറോകൾ’ സ്ഥാപിച്ച്, പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാനും വരുമാനവും പ്രവൃത്തിപരിചയവും നേടാനുമുള്ള ‘ഏൺ വൈൽ യു ലേൺ’ (Earn while you learn) രീതി ഈ പദ്ധതിയുടെ ഭാഗമായി ഉടൻ നിലവിൽ വരും.
ഇവയ്ക്ക് പുറമെ, സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകുക, ദേവസ്വം നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ സംവരണം കൃത്യമായി പാലിക്കുക തുടങ്ങിയ പ്രോഗ്രസീവ് ആയ ഒട്ടനവധി മാറ്റങ്ങളാണ് കഴിഞ്ഞ ദിവസത്തെ നയപ്രഖ്യാപനത്തിലൂടെ ഗവൺമെൻ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.
എൽഡിഎഫ് മുൻപ് പറഞ്ഞിരുന്നത് ‘നവകേരളം’ എന്നായിരുന്നു എങ്കിൽ, അതിനെ ‘പുതുയുഗ കേരളം’ എന്ന് തിരുത്തിയെഴുതുമ്പോൾ അതിൽ ഒരു റെവല്യൂഷണറി ചിന്തയുണ്ട്. സാങ്കേതികവിദ്യ എത്ര വളർന്നാലും അത് മനുഷ്യൻ്റെ നിയന്ത്രണത്തിലായിരിക്കും എന്നും, സാധാരണക്കാരുടെ ഉന്നമനത്തിനായിരിക്കും മുൻഗണന എന്നും ഈ സർക്കാർ തെളിയിക്കുന്നു. വെറും വാചകക്കസർത്തുകളല്ല, മറിച്ച് സമസ്ത മേഖലകളിലും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഒരു വികസിത കേരളം കെട്ടിപ്പടുക്കാനാണ് വി.ഡി. സതീശനും യുഡിഎഫും ലക്ഷ്യമിടുന്നത്. മനം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ ആദ്യ നയപ്രഖ്യാപനം. വരും ദിവസങ്ങളിൽ ഈ പദ്ധതികൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നത് നമുക്ക് കാണാം.
