അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ പ്രവാഹം തടസ്സപ്പെട്ടതും ചെങ്കടൽ അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണിയുമാണ് വിലക്കയറ്റത്തിന് കാരണമായത്. ജൂലൈ 17 വെള്ളിയാഴ്ച മാത്രം രാജ്യാന്തര വിപണിയിൽ എണ്ണവില ഏകദേശം 5 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88.21 ഡോളറായും, അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 82.75 ഡോളറായും വർദ്ധിച്ചു. വാര്യാടിസ്ഥാനത്തിൽ ഇരു ബെഞ്ച്മാർക്കുകളും 16 ശതമാനത്തോളം വലിയ നേട്ടമാണ് രേഖപ്പെടുത്തിയത്. കൂടാതെ, പ്രധാന ഡീസൽ കയറ്റുമതി മേഖലയായ മിഡിൽ ഈസ്റ്റിലെ ശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മൂലം ഡീസൽ ശുദ്ധീകരണ മാർജിൻ റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്.ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയിലാണ് നിലവിൽ ഇറാൻ കപ്പലുകളെ ലക്ഷ്യമിടുന്നത്. ജൂലൈ 17 വെള്ളിയാഴ്ച ഇരുപക്ഷവും ആക്രമണം ശക്തമാക്കിയതോടെ അമേരിക്കൻ ഇറാന്റെ പാലങ്ങളും വിമാനത്താവളങ്ങളും തകർത്തു പകരമായി കുവൈത്തിലെ വൈദ്യുതി-കുടിവെള്ള പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കൻ നീക്കമുണ്ടായാൽ ചെങ്കടൽ പാത അടച്ചുപൂട്ടാൻ ഹൂതികൾക്ക് മേൽ ഇറാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതേത്തുടർന്ന്, ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനായി സൗദി അറേബ്യ തങ്ങളുടെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 70 ശതമാനത്തിലധികവും ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനിടെ ഇറാന്റെ മിസൈൽ ആക്രമണം തങ്ങൾ പരാജയപ്പെടുത്തിയതായി ഖത്തറും, റഷ്യൻ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ആക്രമണം നടത്തിയതായി യുക്രെയ്ൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റം!
